രണ്ട് എസ്- 400 യൂണിറ്റുകൾ ഉടനെത്തും

Saturday 28 March 2026 12:39 AM IST

ന്യൂഡൽഹി: കരാർ പ്രകാരം ഇന്ത്യയ്‌ക്ക് നൽകാൻ ശേഷിക്കുന്ന രണ്ട് എസ്- 400 വ്യോമപ്രതിരോധ യൂണിറ്റുകളിലൊന്ന് അടുത്തമാസം റഷ്യ കൈമാറും. ബാക്കിയുള്ള ഒന്ന് ഇക്കൊല്ലം ഒടുവിലും ലഭിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച എസ് 400ന്റെ മൂന്ന് യൂണിറ്റുകളാണ് ഇന്ത്യ അതിർത്തിയിൽ വിന്ന്യസിച്ചിട്ടുള്ളത്. അഞ്ച് എസ്- 400 യൂണിറ്റുകൾ കൂടി ഓർഡർ ചെയ്യാനും ഇന്ത്യ പദ്ധതിയിടുന്നു. ആഭ്യന്തര സുരക്ഷ ലക്ഷ്യമിട്ടുള്ള സുദർശനചക്ര സംവിധാനത്തിൽ എസ്- 400 യൂണിറ്റുമുണ്ടാകും.

മൂന്നുവർഷം മുൻപ് കൈമാറേണ്ടിയിരുന്ന യൂണിറ്റ് യുക്രെയിനുമായുള്ള സംഘർഷം കാരണമാണ് വൈകിയത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണി തള്ളി 2018ലാണ് 39,000 കോടി രൂപയുടെ അഞ്ച് എസ്- 400 വ്യോമ പ്രതിരോധ സംവിധാനത്തിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്.