നിരോധിത പുകയില ഉത്പന്ന വിതരണം പ്രതി പിടിയിൽ

Saturday 28 March 2026 12:56 AM IST

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയ ആളെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ഇരവുകാട് വാർഡിൽ അച്ചാപ്പു മൻസിലിൽ ഷിജുവാണ്(49) അറസ്റ്റിലായത്. ഇരവുകാട് സ്വദേശിനിയായ യുവതിയുടെ വീട്ടിലെ ശുചിമുറിയിൽ നിരോധിത ഉത്പന്നത്തിന്റെ കവർ കണ്ടതോടെയാണ് സംഭവം പുറത്തായത്. സ്കൂൾ വിദ്യാർത്ഥിയായ മകനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കൂടെ പഠിച്ചിരുന്ന സുഹൃത്തിന്റെ പിതാവായ ഷിജു പുകയില ഉത്പന്നങ്ങൾ നൽകുന്ന വിവരം പറഞ്ഞത്. തുടർന്ന് യുവതി ആലപ്പുഴ സൗത്ത് സി.ഐ വി.എസ്‌. വിനീഷിന് പരാതി നൽകുകയായിരുന്നു. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൾ എസ്‌.ഐ നവീൻ ജോർജ്ജ് ഡേവിഡ്, സി.പി.ഒമാരായ അരുൺ. ജി, ഡാരിൽ നെൽസൺ എന്നിവർ തിരുവമ്പാടി കള്ള് ഷാപ്പിന് സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ നടത്തിയ പരിശോധനയിൽ രഹസ്യ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മുമ്പും നിരോധിത പുകയില ഉതപന്നങ്ങൾ വിറ്റതിന് ഷിജുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.