വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂ‌ർത്തിയായി

Saturday 28 March 2026 7:16 AM IST

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒമ്പത് നിമയസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം കളക്ടറേറ്റിൽ പൂർത്തിയായി. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ എൽ.എ വിഭാഗം ഡെപ്യൂട്ടി കളക്ടറും ഹരിപ്പാട് മണ്ഡലം റിട്ടേണിംഗ് ഓഫീസറുമായ എസ്. ഷീജയ്ക്ക് വോട്ടിംഗ് മെഷീൻ കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു. കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇ.വി.എം) വിവിപാറ്റ് തുടങ്ങിയ പോളിംഗ് ഉപകരണങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് വിതരണം ചെയ്തത്.

ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 2178 ബാലറ്റ് യൂണിറ്റുകൾ, 2178 കൺട്രോൾ യൂണിറ്റുകൾ, 2310 വിവിപാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്നതിന് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവ 15 ശതമാനവും 22 ശതമാനം വിവിപാറ്റ് അധിക യന്ത്രങ്ങളും നൽകിയിട്ടുണ്ട്. ആർ.ഒമാരുടെ നേതൃത്വത്തിൽ കൈപ്പറ്റിയ ഇ.വി.എമ്മുകൾ അതത് നിയോജകമണ്ഡലങ്ങളിലുള്ള സ്‌ട്രോംഗ് റൂമുകളിൽ പൊലീസ് കാവലിൽ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.എൻ. അനി, വിവിധ നിയമസഭ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബാലറ്റ് യൂണിറ്റുകൾ: 2178

കൺട്രോൾ യൂണിറ്റുകൾ: 2178

വിവിപാറ്റ്: 2310