മദ്ധ്യസ്ഥ  ചർച്ചക്കിടെ  മെമ്പർക്ക്  മർദ്ദനം;  യുവാവിന്  വെട്ടേറ്റു

Saturday 28 March 2026 12:25 AM IST

സുൽത്താൻ ബത്തേരി: മരവ്യാപാരിയുമായുണ്ടായ തർക്കം പരിഹരിക്കാനെത്തിയ നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രശാന്തിന് (37) മർദ്ദനം. ചോദ്യം ചെയ്യാനെത്തിയ ആളെ മരവ്യാപാരിയുടെ ആളുകൾ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ നമ്പ്യാർകുന്ന് മുക്കുപുര സുനിൽ (38)നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റ മെമ്പറെ

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെ നമ്പ്യാർകുന്ന് ആർത്തുവയലിലാണ് സംഭവം.

തമിഴ്നാട് സ്വദേശിയായ മരവ്യാപാരി കല്ലൂർ ആർത്തവയലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മരം വാങ്ങി. സമീപവാസിയുടെ തോട്ടത്തിലെ കമുക്, കാപ്പി എന്നിവയുടെ മേലെയ്ക്കാണ് ഇത് മുറിച്ചിട്ടത്. മരം ചങ്ങല ഉപയോഗിച്ച് തോട്ടത്തിൽനിന്ന് വലിച്ച് മാറ്റിയപ്പോഴും കൃഷിനാശം സംഭവിച്ചു. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ മരം കയറ്റാൻ വരുമ്പോൾ നൽകാമെന്ന് പറഞ്ഞു. ഇന്നലെ രാവിലെ മരം കയറ്റാൻ വന്നപ്പോൾ പണം ചോദിച്ചു. മരം കയറ്റിയിട്ട് തരാമെന്ന് പറഞ്ഞതോടെയാണ് പ‌ഞ്ചായത്തംഗം പ്രശാന്തിനെ വീട്ടുകാർ വിളിച്ചത്. നഷ്ടപരിഹാരം നൽകിയിട്ടെ മരം കയറ്റാൻ പറ്റുവെന്ന് മെമ്പർ പറഞ്ഞതോടെ വ്യാപാരിയുടെ കൂടെയുണ്ടായിരുന്നയാൾ മെമ്പറെ മർദ്ദിക്കുകയുമായിരുന്നു. ഇത് ചോദിക്കാനെത്തിയ സുനിലിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന് നേരെ കത്തിവീശിയപ്പോൾ കൈകൊണ്ട് തടഞ്ഞതിനാൽ കൈ ഞരമ്പ് മുറിയുകയും എല്ല് പൊട്ടുകയും ചെയ്തു. അക്രമത്തിന് ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നൂൽപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.