സമസ്ത മേഖലയിലും വൻമുന്നേറ്റം: മുഖ്യമന്ത്രി
ഇരിങ്ങാലക്കുട/വടക്കാഞ്ചേരി: ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസിലാക്കിയുള്ള കർമ്മ പദ്ധതികളാണ് 10 വർഷമായി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലും നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലയിലടക്കം വൻ മുന്നേറ്റമാണ് ഉണ്ടായത്. പൊതുവിദ്യാഭ്യാസരംഗത്തിന്റെ ഉന്നമനത്തിനായി ചെലവഴിച്ചത് 5,000 കോടിയാണ്. 45,000 ക്ലാസ് മുറികൾ സ്മാർട്ടാക്കി. ആരോഗ്യ രംഗത്തും വലിയ കുതിച്ച് ചാട്ടമുണ്ടാക്കി. നവജാത ശിശു മരണ നിരക്ക് അമേരിക്കയിൽ 5.6 ശതമാനമാണെങ്കിൽ കേരളത്തിലത് 5 ശതമാനമാണ്. ലൈഫ് മിഷൻ പദ്ധതിയിൽ 5 ലക്ഷം വീടുകളുടെ പൂർത്തീകരണം നടത്തി. 20 ലക്ഷത്തോളം പേർ ഗുണഭോക്താക്കളായി. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി ജോലി ലഭിക്കാനുള്ള സൗകര്യങ്ങൾ കേരളത്തിൽ നടപ്പിലാക്കി. നാലര ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. അതേസമയം കേന്ദ്രം കേരളത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. യു.ഡി.എഫ് അതിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം ചെയർമാൻ പി.മണി അദ്ധ്യക്ഷനായി. സ്ഥാനാർത്ഥികളായ ഡോ. ആർ.ബിന്ദു (ഇരിങ്ങാലക്കുട), അഡ്വ. വി.ആർ.സുനിൽകുമാർ (കൊടുങ്ങല്ലൂർ), കെ.കെ.വത്സരാജ് (കയ്പമംഗലം), ബിജു എസ്.ചിറയത്ത് (ചാലക്കുടി) എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലം വികസന രേഖയും പ്രകാശനം ചെയ്തു. നേതാക്കളായ പി.കെ.ബിജു, കെ.ജി.ശിവാനന്ദൻ, സി.ആർ.വത്സൻ, രഘു കെ.മാരാത്ത്, ജെയ്‌സൺ മണി, ഉല്ലാസ് കളക്കാട്ട്, വി.എ.മനോജ് കുമാർ, ടി.കെ.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുയോഗത്തിൽ പങ്കെടുത്തവർ
ഇടതു സ്ഥാനാർത്ഥികളായ ഡോ. ആർ.ബിന്ദു, കെ.കെ.വത്സരാജ്, ബിജു എസ്.ചിറയത്ത് എന്നിവരെ മുഖ്യമന്ത്രി പരിചയപ്പെടുത്തുന്നു