നോക്കുകൂലി ആവശ്യപ്പെട്ട് മർദ്ദനമെന്ന് : ടിപ്പർ ഡ്രൈവർക്കും സഹായിക്കും പരിക്ക്

Saturday 28 March 2026 12:45 AM IST

വടക്കാഞ്ചേരി : കുമ്പളങ്ങാട് അകംപാടത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സിമന്റ് കട്ട ഇറക്കി മടങ്ങവേ, നോക്കുകൂലി ആവശ്യപെട്ട് ടിപ്പർ ലോറി ഡ്രൈവരെയും സഹായിയെയും ചുമട്ട് തൊഴിലാളികൾ മർദ്ദിച്ചെന്ന് പരാതി. ഡ്രൈവർ തെക്കുംകര മങ്കര നരിയാൻ പുള്ളി വീട്ടിൽ സുലൈമാൻ (45), സഹായി മണലിത്തറ സ്വദേശി നിഷാദ് എന്നിവരെ പരിക്കുകളോടെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അകംപാടം സ്‌കൂൾ പരിസരത്ത് കട്ട ഇറക്കി മടങ്ങാൻ ശ്രമിക്കുന്നതിനിടെ സി.ഐ.ടി.യു തൊഴിലാളികളെത്തി വാഹനം തടഞ്ഞ് ക്യാബിനിൽ നിന്ന് സുലൈമാനെ വലിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് നിഷാദിന് മർദ്ദനമേറ്റത്. തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. കൈയ്ക്ക് പരിക്കേറ്റ നിഷാദിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു.