അണ്ണാ ഡി.എം.കെ : 46 സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കും

Saturday 28 March 2026 12:48 AM IST

ചെന്നൈ: തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പില് അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ഇന്നലെ പുറത്തിറക്കി. ഇതോടെ സ്ഥാനാർത്ഥകളുടെ എണ്ണം 127 ആയി. അണ്ണാ ‌ഡി.എം.കെ ഉൾപ്പെട്ട എൻ.ഡി.എ മുന്നണി ആകെ 150 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അണ്ണാ ‌ഡി.എം.കെ പട്ടികയിൽ 46 സിറ്റിംഗ് എം.എൽ.എമാർ, 26 മുൻ നിയമസഭാംഗങ്ങൾ, ആറ് മുൻ എം.പിമാർ എന്നിവർ ഉൾപ്പെടുന്നു.

മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം മത്സരിക്കാൻ സാദ്ധ്യതയുള്ള ബോഡിനായ്ക്കനൂരിൽ വി.ടി. നാരായണ സാമിയെ അണ്ണാ ഡി.എംകെ സ്ഥാനാർത്ഥിയാക്കും. പനീർസെൽവം അടുത്തിടെ ഡി.എം.കെയിലേക്ക് മാറിയിരുന്നു. ഡി.എം.കെയിലേക്ക് മാറിയ മുൻ മന്ത്രി ആർ. വൈത്തിലിംഗത്തിന്റെ ഒറത്തനാട്ടിൽ എം. ശേഖർ മത്സരിക്കും.

കോയമ്പത്തൂർ ജില്ലയിലെ 10 സീറ്റുകളിൽ ഒമ്പതിലും അണ്ണാ ഡി.എം.കെ മത്സരിക്കും. കോയമ്പത്തൂർ നോർത്തിൽ ബി.ജെ.പി മത്സരിക്കും. ജില്ലയിൽ നിന്നുള്ള ഏഴ് സിറ്റിംഗ് എം.എൽ.എമാരെ നിലനിർത്തിയിട്ടുണ്ട്. മുൻ എം.എൽ.എ അമ്മൻ കെ അർജുനൻ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. അവിനാശിയിൽ നിന്ന് എട്ട് തവണ എം.എൽ.എയായ മുൻ നിയമസഭാ സ്പീക്കർ പി. ധനപാലിന് സീറ്റില്ല. ആ സീറ്റ് ബി.ജെ.പിക്ക് നൽകി.

ചെറിയ സഖ്യകക്ഷികളിൽ, സിംഗ തമിഴർ മുന്നേറ്റ കഴകത്തിന് മണ്ണച്ചനല്ലൂർ അനുവദിച്ചു. എ.സി ഷൺമുഖം നയിക്കുന്ന പുതിയ നീതി കച്ചി, മധുര സെൻട്രൽ ഉൾപ്പെടെ രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്ന് അറിയിച്ചു.മറ്റൊരു എൻ.ഡി.എ ഘടകകക്ഷിയായ ഇന്ത്യ ജനനായക കച്ചി (ഐ.ജെ.കെ)യും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വെങ്കിടേശൻ പല്ലാവരത്ത് നിന്നും ശരണ്യ അൻപഴകൻ കുന്നത്ത് നിന്നും മത്സരിക്കുമെന്ന് പാർട്ടി പ്രസിഡന്റ് രവി പച്ചമുത്തുവും സ്ഥാപകൻ ടി.ആർ പാരിവേന്ദറും പറഞ്ഞു. ഒരു മണ്ഡലത്തിൽ ബി.ജെ.പിയുടെ താമര ചിഹ്നത്തിലും മറ്റൊരു മണ്ഡലത്തിൽ അണ്ണാ ഡി.എം.കെയുെ 'രണ്ടില' യിലും മത്സരിക്കും.