ലിഫ്റ്റ് കൊടുത്തില്ല: ബൈക്ക് യാത്രികരെ ആക്രമിച്ച് കാപ്പപ്രതിയും സുഹൃത്തും

Saturday 28 March 2026 1:59 AM IST

കൊച്ചി: ലിഫ്റ്റ് ചോദിച്ചിട്ട് നൽകാത്തതിന് ബൈക്ക് യാത്രികരെ ആക്രമിച്ച കാപ്പകേസ് പ്രതിയും സുഹൃത്തും അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശികളായ അൻസിൽ ഷാ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. നിർദ്ദേശം ലംഘിച്ച് നഗരത്തിൽ പ്രവേശിച്ചതിന് കാപ്പ പ്രതി അൻസിലിനെതിരെ കടുത്തനടപടി പൊലീസ് സ്വീകരിച്ചേക്കും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

റംസാൻ ദിനത്തിൽ രാത്രി മട്ടാഞ്ചേരിയിലായിരുന്നു സംഭവം. ലിഫ്റ്റ് ചോദിച്ചെങ്കിലും യുവാക്കൾ മുന്നോട്ടുപോയി. ഇതിന്റെ ദേഷ്യത്തിൽ അൻസിലും അഭിലാഷും അസഭ്യം പറഞ്ഞതുകേട്ട ബൈക്ക് യാത്രികർ എത്തി ചോദ്യംചെയ്തു. ഇത് കൈയാങ്കളിക്ക് വഴിമാറുകയായിരുന്നു. മർദ്ദനമേറ്റ ബൈക്ക് യാത്രികർക്ക് പുറമെ അടിപിടിക്കിടെ അൻസിലിന്റെ വിരലിനും പരിക്കേറ്റു. ബുധനാഴ്ച അൻസിലിനെയും പിറ്റേന്ന് അഭിലാഷിനെയും അറസ്റ്റുചെയ്തു.

200 ഗ്രാം എം.ഡി.എം.എ കൈവശംവച്ച കേസിലടക്കം പ്രതിയാണ് അൻസിൽ. അഭിലാഷും മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കാപ്പയിൽനിന്ന് ഒഴിവാക്കണമെന്ന് കാട്ടി അൻസിൽ നൽകിയ അപേക്ഷയിൽ വീണ്ടുമൊരു കേസിൽ ഉൾപ്പെടരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെ ആക്രമിച്ചത്.