നേപ്പാളിൽ ബാലേന്ദ്ര ഷാ അധികാരമേറ്റു
Saturday 28 March 2026 7:23 AM IST
കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി കാഠ്മണ്ഡു മുൻ മേയറും റാപ്പ് ഗായകനുമായ ബാലേന്ദ്ര ഷാ (ബാലേൻ ഷാ - 35) അധികാരമേറ്റു. രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയാണിദ്ദേഹം. മാർച്ച് 5ലെ തിരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ ആർ.എസ്.പി (രാഷ്ട്രീയ സ്വതന്ത്ര പാർട്ടി) പാർലമെന്റിലെ 275 സീറ്റുകളിൽ 182 എണ്ണവും സ്വന്തമാക്കി ചരിത്രം കുറിക്കുകയായിരുന്നു. ഝാപ - 5 മണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ (യു.എം.എൽ) നേതാവും മുൻ പ്രധാനമന്ത്രിയുമായ കെ.പി ശർമ്മ ഒലിയെ 50,000 വോട്ടുകൾക്കാണ് ബാലേന്ദ്ര ഷാ പരാജയപ്പെടുത്തിയത്. സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ സെപ്തംബറിലുണ്ടായ ജെൻ സി പ്രക്ഷോഭത്തിന് ശേഷം രാജ്യത്ത് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. യുവാക്കളുടെ ശക്തമായ പിന്തുണ ബാലേന്ദ്ര ഷായ്ക്കുണ്ടായിരുന്നു.