ഭഗവാൻ ശിവനാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

Saturday 28 March 2026 1:55 PM IST

മുംബയ്: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. പൂനെ സ്വദേശിനിയായ 35കാരി നൽകിയ പരാതിയിലാണ് മഹാരാഷ്‌ട്രയിലെ പാൽഘർ സ്വദേശിയായ ഋഷികേശ് വൈദ്യയെ (40) പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഭഗവാൻ ശിവന്റെ അവതാരമാണ് താനെന്ന് പറഞ്ഞാണ് ഋഷികേശ് വൈദ്യതന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2023ൽ ഫേസ്‌ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറിൽ പ്രതി പൂനെയിലെത്തി യുവതിയെ കണ്ടു. തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രതി ഫോണിൽ ചിത്രീകരിച്ചുവെന്നും പിന്നീട് ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞയാഴ്‌ചയാണ് മഹാരാഷ്‌ട്രയിലെ മറ്റൊരു ആൾദൈവം പീഡനക്കേസിൽ പിടിയിലായിരുന്നു. ഈ വാർത്ത കണ്ടതോടെയാണ് പരാതി നൽകാനുള്ള ധൈര്യം കിട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.