എഞ്ചിൻ തകരാറിലായെന്ന് സംശയം; ഇൻഡിഗോ വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്
ന്യൂഡൽഹി: എഞ്ചിൻ തകരാറിലായെന്ന സംശയത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. 161 യാത്രക്കാരുമായി പറന്ന വിമാനമാണ് നിലത്തിറക്കിയത്. പിന്നാലെ വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഡൽഹിയിലേക്കുള്ള ബോയിംഗ് 737 വിമാനമാണ് അടിയന്തരലാൻഡിംഗ് നടത്തിയത്. അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54 ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചു. ഉടൻ തന്നെ സംഘം സ്ഥലത്തെത്തുകയായിരുന്നു.
അതേസമയം, സർവീസ് നടത്തുന്ന രാജ്യത്തെ വിമാനങ്ങളിൽ 50 ശതമാനവും തകരാറുള്ളവയാണെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2025 ജനുവരി മുതൽ ഈ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377ലും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതൽ ഇൻഡിഗോയ്ക്കാണ്. 405 വിമാനങ്ങളിൽ 148 ലും തകരാറുകൾ കണ്ടെത്തി.