പയ്യന്നൂരിൽ വൻ ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം, ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ  

Saturday 28 March 2026 5:00 PM IST

പയ്യന്നൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കാറിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പയ്യന്നൂർ പൊലീസാണ് പിടികൂടിയത്. ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41) നാദിറിന്റെ ഭാര്യ ഐന (33) ഷാനിദ് (36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലഹരിമരുന്നുകളായ എംഡിഎംഎയും ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.

ഇന്നലെരാത്രി പത്തരയോടെ പയ്യന്നൂർ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിനടുത്താണ് സംഭവം ഉണ്ടായത്. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. കൈകാണിച്ചിട്ടും നിർത്താതെ പാഞ്ഞുപോയ കാറിനെ പൊലീസ് സംഘം പിന്തുടർന്നു.

ഒടുവിൽ എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് സാഹസികമായി കാർ തടഞ്ഞാണ് പ്രതികളെ കീഴടക്കിയത്. കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നുകളുടെ ശേഖരം. 41 ഗ്രാം എംഡിഎംഎയും 241 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പയ്യന്നൂർ എസ്‌ഐ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫും ചേർന്നാണ് പ്രതികളെ കുരുക്കിയത്.