രാഹുൽ ഗാന്ധിക്ക് കെെ കൊടുത്ത് സുധാകരൻ; ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എംപി. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇരുവരെയും കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.
'എല്ലാ കൊടുങ്കാറ്റുകളിലൂടെയും എല്ലാ വെല്ലുവിളികളിലൂടെയും എല്ലാ പരീക്ഷണങ്ങളിലൂടെയും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പോരാടാൻ കെ സുധാകരൻ ജീവിതകാലം മുഴുവൻ ചെലവഴിച്ചു. ഒരു യഥാർത്ഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. യുഡിഎഫ് ഐക്യവും ശക്തവുമാണ്. കേരളത്തിൽ 100 സീറ്റുകളോടെ വൻ വിജയത്തിലേക്ക് ഞങ്ങൾ നീങ്ങുകയാണ്'- രാഗുൽ കുറിച്ചു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർബന്ധത്തിലായിരുന്നു കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. നിരാശനായ സുധാകരൻ പാർട്ടി വിടുമെന്ന തരത്തിൽ പ്രചാരണമുണ്ടായി. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് തൊട്ടുമുൻപ് എല്ലാ പ്രചാരണങ്ങളും തള്ളി കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സുധാകരൻ അറിയിച്ചിരുന്നു. തുടർന്ന് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ടി ഒ മോഹനന്റെ ഉൾപ്പടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. ഇന്നലെ പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ഇന്ന് രാവിലെയാണ് സുധാകരൻ ഡൽഹിയിലേക്ക് പോയത്.