പല്ലി കടിച്ചാൽ എന്ത് സംഭവിക്കും? പേടിക്കേണ്ട, അറിയണം ഇക്കാര്യങ്ങൾ
എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് പല്ലി. നമ്മുടെ ചുമരിലും തറയിലും എന്തിന് ഭക്ഷണത്തിൽപ്പോലും പല്ലി വീഴാറുണ്ട്. ഉപദ്രവിക്കാൻ എത്തുന്നവരിൽ നിന്ന് വാൽ മുറിച്ചാണ് ഈ ജീവി രക്ഷപ്പെടുന്നത്. ഗൗളി ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ ശരീരത്തിൽ പല്ലി വീണാൽ പേടിക്കുകയും ചെയ്യും
എന്നാൽ പല്ലി കടിക്കുമോ കടിച്ചാൽ മരിക്കുമോ എന്നതടക്കം നിരവധി ചോദ്യങ്ങൾ പലരുടെയും ഉള്ളിലുണ്ട്. ഇതിന്റെ സത്യാവസ്ഥ ഇനിയും പലർക്കും അറിയില്ല. നമ്മുടെ വീടുകളിൽ കാണുന്ന സാധാരണ പല്ലികൾക്ക് അമിതമായി വിഷമില്ല. മാത്രമല്ല അപൂർവമായി മാത്രമേ ഇവ കടിക്കാറുള്ളൂ.
മനുഷ്യരെ കാണുമ്പോൾ ഇവ ഓടി രക്ഷപ്പെടാറാണ് പതിവ്. ഇനി പല്ലി കടിച്ചുവെന്ന് വരട്ടെ. പല്ലി കടിച്ചാൽ മനുഷ്യൻ മരിക്കാറില്ല. പക്ഷേ അണുബാധ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഇവ കടിച്ച ഭാഗത്ത് വേദന, ചൊറിച്ചിൽ, വീക്കം, അണുബാധ എന്നിവ ഉണ്ടാകാം. എന്നാൽ ചില ഇനം പല്ലികൾ വിഷമുള്ളവയാണ്. അവ കടിച്ചാൽ അപകടമാണെന്ന് മനസിലാക്കണം.
ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായിടുന്നതാണ് പല്ലികൾ വീട്ടിൽ വരാൻ പ്രധാന കാരണം. ചെറുപ്രാണികളും മറ്റും ഉണ്ടെങ്കിൽ അവയെ തിന്നാനും പല്ലി വരും. ജനാലകളിലും വാതിലിന്റെ പിൻവശവുമൊക്കെയാണ് ഇവയെ സാധാരണയായി കാണാറുള്ളത്.
പല്ലിയെ അകറ്റാനുള്ള സൂത്രം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. മുട്ടത്തോട് ഉപയോഗിച്ച് പല്ലിയെ അകറ്റാൻ കഴിയും. മുട്ടയുടെ മണം ഇവയ്ക്ക് ഇഷ്ടമില്ല. പല്ലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ മുട്ടത്തോട് വച്ചുകൊടുക്കുക. വെളുത്തുള്ളി ചതച്ച് പല്ലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ ഇട്ടുകൊടുക്കുകയാണ് മറ്റൊരു വഴി.