ജഡ്ജിമാർക്കും ക്ഷാമം; രാജ്യത്ത് 5,155 ജഡ്ജിമാരുടെ കുറവ്
കൊച്ചി: സുപ്രീംകോടതി ഉൾപ്പെടെ രാജ്യത്തെ കോടതികളിൽ നികത്താനുള്ളത് 5,155 ന്യായാധിപരുടെ ഒഴിവുകൾ. 27,050 പേരാണ് ആകെ വേണ്ടത്. 34 ജഡ്ജിമാർ വേണ്ട സുപ്രീംകോടതിയിൽ ഒരു ഒഴിവുണ്ട്. 47 പേർ വേണ്ട കേരള ഹൈക്കോടതിയിൽ എട്ടു ജഡ്ജിമാരുടെ കുറവുണ്ട്. എല്ലാ ഹൈക്കോടതികളിലുമായി 306 ജഡ്ജിമാർ കുറവ്. ജില്ല - സബോർഡിനേറ്ര് കോടതികളിൽ 4,848 തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
രാജ്യാന്തര തലത്തിൽ ജനസംഖ്യാനുപാതികമായി ജഡ്ജിമാരുടെ എണ്ണം താരതമ്യപ്പെടുത്തുന്ന രീതിയുണ്ട്. 10 ലക്ഷം പേർക്ക് എത്ര ന്യായാധിപർ എന്നതാണ് അനുപാതം. രാജ്യത്ത് 10 ലക്ഷം പൗരന്മാർക്ക് 20 ജഡ്ജിമാർ മാത്രമാണുള്ളത്. അതിനുള്ളിലാണ് ഈ കുറവ്. അമേരിക്കയിൽ 10 ലക്ഷത്തിന് 150 ജഡ്ജിമാർ എന്നതാണ് അനുപാതം.
കൊളീജിയം ശുപാർശയും കേന്ദ്രസർക്കാർ അംഗീകാരവുമാണ് സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരുടെ നിയമന മാനദണ്ഡം. ജില്ല ജഡ്ജിമാരുടെ നിയമനം ബന്ധപ്പെട്ട ഹൈക്കോടതികളും സംസ്ഥാന സർക്കാരുമാണ് തീരുമാനിക്കേണ്ടത്. മുൻസിഫ്, മജിസ്ട്രേട്ട് നിയമനങ്ങൾക്ക് പരീക്ഷയും അഭിമുഖവും ഉൾപ്പെടെയുണ്ട്.
ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ, ഹൈക്കോടതികളിലും സുപ്രീംകോടതിയിലും യു.പി.എസ്.സി/ട്രൈബ്യൂണൽ മുഖേന ജഡ്ജിമാരെ നിയമിക്കാൻ നീക്കമെന്ന റിപ്പോർട്ടുകൾ നിയമ മന്ത്രാലയം തള്ളി. നിലവിലെ നിയമന രീതി തുടരും.
നിയമനത്തിനു തടസം
സർക്കാരിന്റെ വിമുഖത
സാമ്പത്തിക ഞെരുക്കം
ജഡ്ജിയാകാനുള്ള വിമുഖത
കെട്ടിക്കിടക്കുന്നത്
5 കോടിയിലേറെ കേസ്
4.8 കോടി:
ജില്ലാ കോടതികളിൽ
63 ലക്ഷം:
ഹൈക്കോടതികളിൽ
92,000:
സുപ്രീം കോടതിയിൽ
2.7 ലക്ഷം:
കേരള ഹൈക്കോടതിയിൽ
18 ലക്ഷം:
കേരളത്തിലെ
മറ്റു കോടതികളിൽ