തോട്ടുമുക്ക്-ആനപ്പെട്ടി റോഡ് ടാറിംഗ് വൈകുന്നു

Sunday 29 March 2026 12:52 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് -ആനപ്പെട്ടി റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന് മാസം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തീകരിച്ചെങ്കിലും ടാറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

റോഡ് ടാറിംഗ് നടത്താനായി ജില്ലാപഞ്ചായത്തും തൊളിക്കോട് പഞ്ചായത്തും ഫണ്ടനുവദിച്ചിരുന്നു. തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. തോട്ടുമുക്ക് മുതൽ താന്നിമൂട് വരെയാണ് ടാറിംഗ് നടത്തേണ്ടത്. നേരത്തേ തൊളിക്കോട് പഞ്ചായത്ത്ഫണ്ട് വിനിയോഗിച്ച് താന്നിമൂട് മുതൽ ആനപ്പെട്ടി വരെയുള്ള റോഡരികുകൾ കോൺക്രീറ്റ് ചെയ്തിരുന്നത് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ പൊടിമയവുമാണ്.

അപകടം പതിവ്

അപകടം നിറഞ്ഞതാണ് ഈ റോഡിലൂടെയുള്ള യാത്ര. മിക്കഭാഗത്തും കുഴികളാണ്. ഗട്ടറുകളിൽവീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്.സ്കൂൾവാഹനങ്ങളുൾപ്പെടെ ധാരാളം ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിൽ അപകടങ്ങൾ പതിവായതോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഓടകളുണ്ട് മൂടിയിട്ടില്ല

നിലവിൽ ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും സ്ലാബുകൾ ഇടാത്തത് അപകടഹേതുമായി മാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. മഴയ്ക്ക് മുൻപേ പണി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.