ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം
അടിമാലി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫീസ് മുറിയിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനുമിടയിലായിരുന്നു ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ വാതിൽ തകർത്ത് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിച്ചത്. സി.സി ടി.വി പരിശോധനയിൽ തങ്കമണി മരിയാപുരം സ്വദേശി ചുഴലി മഹേഷ് എന്ന് വിളിക്കുന്നയാളാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഓഫീസ് മുറിയുടെ തടിവാതിൽ കല്ലുകൊണ്ടിടിച്ചു തകർത്ത് അകത്തുകയറിയാണ് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണശേഷം പ്രതി ആനച്ചാലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പുലർച്ചെ മൂന്നിന് മൂന്നാർ പോസ്റ്റ് ഓഫീസ് കവലയിൽ വന്നിറങ്ങിയതായും പൊലീസ് കണ്ടെത്തി. തുടർന്ന് മാട്ടുപ്പെട്ടി റോഡിലുള്ള ബാറിലെത്തി സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ മടങ്ങി. ഇയാൾ അഞ്ചിലധികം മോഷണക്കേസുകളിലെ പ്രതിയാണ്. വെള്ളത്തൂവൽ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.