എഴുന്നെള്ളത്തും കെട്ടുകാഴ്ചയും കാണാൻ ജനസാഗരം,​ പോരുവഴി മലക്കുട മഹോത്സവത്തിന് പരിസമാപ്തി

Saturday 28 March 2026 11:00 PM IST

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കുന്നത്തൂർ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളത്തും വമ്പിച്ച കെട്ടുകാഴ്ചയും കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി.

മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്ചയായ 27ന് വൈകിട്ട് 4 ഓടെ കെട്ടുകാഴ്ച കാണാൻ മലനടയിലേക്കുള്ള വഴികളെല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞു. പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേ മുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളിൽ നിന്ന് വലിയ എടുപ്പുകുതിരയും ഇടയ്ക്കാട് തെക്ക്, ഇടയ്ക്കാട് വടക്ക് കരകളിൽ നിന്ന് വലിയ എടുപ്പുകാളയും നൂറുകണക്കിന് ചെറുതും വലുതുമായ എടുപ്പുകാളകളും അടങ്ങുന്ന വലിയ കെട്ടുകാഴ്ചയാണ് അണിനിരന്നത്.

തുടർന്ന് കടുത്താശേരി കൊട്ടാരത്തിൽ നിന്ന് കച്ചകെട്ടിയിറങ്ങിയ ഊരാളി അപ്പൂപ്പൻ മലക്കുടയേന്തി ഒറ്റക്കാലിൽ തുള്ളി മുരവുകണ്ടത്തിൽ സന്നിഹിതരായിരുന്ന കുതിര, കാള ഉരുപ്പടികളുടെ അടുത്തുവന്ന് അനുഗ്രഹം ചൊരിഞ്ഞതോടെ ഓരോ ഉരുപ്പടിയും മലകയറാൻ തുടങ്ങി. രാത്രി 7 ഓടെ കുതിരകളും കാളകളും ക്ഷേത്രം ചുറ്റാൻ തുടങ്ങിയ കാഴ്ച ഭക്തിസാന്ദ്രമായി. ഈ കാഴ്ച കണ്ടാണ് പതിനായിരങ്ങൾ മലയിറങ്ങിയത്.

ശ്രീകോവിലോ ചുറ്റമ്പലമോ ഇല്ലാത്ത മലനടയിൽ ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപ്പിച്ചാണ് വിശ്വാസികൾ ഇവിടെ ആരാധന നടത്തുന്നത്. ദ്രാവിഡ സംസ്കാരം കാത്തുസൂക്ഷിക്കുന്ന ഈ ക്ഷേത്രത്തിൽ കുറവ സമുദായത്തിലെ കടുംത്താശ്ശേരി കുടുംബത്തിലെ ഊരാളിയാണ് പാരമ്പര്യമായി പൂജാകർമ്മങ്ങൾ നിർവഹിക്കുന്നത്. കള്ള്, അടുക്ക് (മുറുക്കാൻ), കോഴി, കാള, ആട് തുടങ്ങിയവയാണ് ഇവിടെ പ്രധാന നേർച്ചകൾ. ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നത്.