അമ്പലങ്ങളിലും പള്ളിയിലും മോഷണം; പ്രതി പിടിയിൽ, പിടികൂടിയത് സാഹസികമായി

Sunday 29 March 2026 12:07 AM IST

ആറ്റിങ്ങൽ: അമ്പലങ്ങളിലും പള്ളിയിലും ഉൾപ്പെടെ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മടവൂർ ഞാറയിൽകോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53)ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.20ലധികം കേസുകളിലെ പ്രതിയും,പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും,കാപ്പാ നിയമപ്രകാരം അടുത്തിടെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുമാണ് സനോജ്.

മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 4നും,പതിനെട്ടാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയിൽ കഴിഞ്ഞ തിങ്കളാഴ്ചയുമായിരുന്നു മോഷണം. അമ്പലവാതിൽ പൊളിച്ച് അകത്തുകയറി ഒരു പവന്റെ താലി മാലയും സ്വർണപ്പൊട്ടുകളുമാണ് കവർന്നത്.പള്ളിയോട് ചേർന്നുള്ള മദ്രസയുടെ വാതിൽ തകർത്ത് ഉള്ളിൽ കയറി 15,000രൂപയാണ് കവർന്നത്.

ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജിനെ പുനലൂർ പൊലീസിന്റെ സഹായത്തോടെ ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ സിതാര മോഹൻ,പൊലീസ് ഉദ്യോഗസ്ഥരായ ഷജീർ,ദീപു കൃഷ്ണൻ,അജിൻരാജ്,അജീഷ് എന്നിവരുൾപ്പെട്ട സംഘമാണ് കരവാളൂർ ഭാഗത്തുനിന്ന് പിടികൂടിയത്.

പൊലീസിനെ കണ്ട് പുഴയിലിറങ്ങി ആറ്റിന് നടുക്കുള്ള കൽക്കൂട്ടത്തിൽ ഒളിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്.രക്ഷപ്പെടാനുള്ള ശ്രമം നടക്കാതെ വന്നതോടെ,ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ ശ്രമകരമായാണ് പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്.

കരവാളൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് മോഷണം നടത്താൻ ഒരുക്കം കൂട്ടവേയാണ് പിടിയിലായത്.സനോജ് നടത്തിയ മോഷണങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.ആറ്റിങ്ങൽ പ്രദേശത്ത് ആരാധനാലയങ്ങളിലും മറ്റും മോഷണം പതിവായതോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം,ആറ്റിങ്ങൽ എസ്.എച്ച്.ഒ അനുരാജ്.എം.എച്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ഫിംഗർ പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ വിവരം ശേഖരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.ആറ്റിങ്ങൽ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.