ലൈംഗിക പീഡന പരാതി: അണ്ണാ സർവ. പ്രൊഫസർ അറസ്റ്റിൽ
ചെന്നൈ: വിദ്യാർത്ഥിനിയുടെ ലൈംഗിക പീഡന പരാതിയിൽ അണ്ണാ സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. ജ്ഞാനവേൽ ബാബുവാണ് അറസ്റ്റിലായത്. അവസാനവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനി ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. പ്രൊഫസർ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും മോശം പരാമർശങ്ങൾ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
അദ്ധ്യാപകനെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് സർവകലാശാലയ്ക്കുമുമ്പിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് തിരുനെൽവേലിയിൽ ഒളിവിൽ കഴിഞ്ഞ ജ്ഞാനവേലിനെ അറസ്റ്റുചെയ്തത്. പ്രതിഷേധത്തെത്തുടർന്ന് സർവകലാശാല ജ്ഞാനവേലിനെ സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ മൂന്നുവർഷമായി അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചാൽ കിടപ്പുമുറിയിലേക്കുവരാൻ ആവശ്യപ്പെടും. രാത്രി വൈകിയും നിരന്തരം ശല്യപ്പെടുത്തി. വസ്ത്ര ധാരണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കുക, പണം വാഗ്ദാനം ചെയ്യൽ, നിരന്തരം ഫോൺ വിളി തുടങ്ങി നിരന്തരം ശല്യം ചെയ്തു.
വിവരം പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹിക്കാനാവാതെ വന്നപ്പോൾ അദ്ധ്യാപകന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നാലെ തന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരം അന്വേഷിച്ച് ഉപദ്രവം തുടരുകയാണെന്നും പരാതിയിൽ പറയുന്നു. മറ്റു ചില വിദ്യാർത്ഥിനികളെയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭയംമൂലം അവർ പരാതിപ്പെടാത്തതാണെന്നും വ്യക്തമാക്കി.
വിമർശനവുമായി ടി.വി.കെ
എം.കെ. സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടി.വി.കെ രംഗത്തെത്തി. ആവർത്തിച്ചുള്ള സംഭവങ്ങൾ തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്ന് ആരോപിച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം, ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ കർശനമായ നിയമനടപടി, വിദ്യാർത്ഥിനികൾക്ക് മതിയായ സുരക്ഷ എന്നിവ പാർട്ടി ആവശ്യപ്പെട്ടു. ബാധിക്കപ്പെട്ട എല്ലാ വിദ്യാർത്ഥികളെയും രഹസ്യമായും സെൻസിറ്റീവായും ചോദ്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.