കൊച്ചിയിൽ വീടിന്റെ ജനൽ കമ്പിയിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; ഭർത്താവ് അറസ്റ്റിൽ
Saturday 28 March 2026 11:53 PM IST
കൊച്ചി: എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണുവിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയമുന്നയിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലായത്.
പള്ളുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നാണ് വിഷ്ണുവിന്റെ ഭാര്യയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.