ലഹരി വിരുദ്ധ പോരാട്ടം ലക്ഷ്യത്തിലേക്ക്: 'പുക'ക്കാരെ പുകച്ച് ഗ്രാമങ്ങൾ

Saturday 28 March 2026 11:56 PM IST

തൃശൂർ: ബോധവത്കരണവും നിയന്ത്രണവും കർശനമാക്കിയതോടെ പുകയില ഉപയോഗത്തിൽ ഗ്രാമീണ മേഖലകളിൽ ഗണ്യമായ കുറവ്. ഗ്രാമീണമേഖലയിൽ 17.2 ശതമാനത്തിൽ നിന്ന് 12.1 ശതമാനമാണ് കുറഞ്ഞത്. ബീഡി ഉപയോഗിച്ചിരുന്നവരിൽ 11.9 ൽ നിന്ന് 7.9 ശതമാനമായി.ഇക്കണോമിക് അഡൈ്വസറി കൗൺസിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. എന്നാൽ നഗരപരിധികളിൽ ചെറിയതോതിലാണ് കുറവ്. സിഗററ്റ് വലിക്കാർ 15.84 ൽനിന്ന് 14.83 ശതമാനമായി. പുകയില ഉയോഗിക്കുന്നത് 2.3 ൽ നിന്ന് 0.3 ശതമാനമായി. എന്നാൽ രാജ്യത്ത് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 9.9 കോടിയിൽ നിന്ന് 13.3 കോടിയായി വർദ്ധിച്ചു. നഗര മേഖലകളിൽ മാത്രം ഇത് 2.8 കോടിയിൽ നിന്ന് 4.7 കോടിയായി ഉയർന്നു. രാജ്യത്ത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുതിച്ചുയരുമ്പോഴാണ് സംസ്ഥാനത്തിന്റെ നേട്ടം.

വലിക്കാർ, മയക്കുമരുന്നിലേക്കും

പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണം കർശനമാക്കിയതോടെ പലരും മയക്കുമരുന്നിലേക്ക് തിരിഞ്ഞു. സ്‌കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ ലഭ്യമല്ലെങ്കിലും, മയക്കുമരുന്നിന്റെ വിൽപന രഹസ്യമായി നടക്കുന്നു. ഇതിനെതിരെ പൊലീസും എക്‌സൈസും ശക്തമായി രംഗത്തുണ്ട്.

നേട്ടത്തിന് പിന്നിൽ

1. പുകയില ഉൽപന്നങ്ങളുടെ വിൽപനയിലെ നിയന്ത്രണം. 2. 18 വയസ് തികയാത്തവർക്ക് ഉൽപന്നങ്ങൾ നൽകുന്നതിലെ വിലക്ക്. 3. സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ വിൽപന നിരോധിച്ചത്. 4. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനവും പിഴ ഈടാക്കുന്നതും

ഗ്രാമീണ മേഖലയിൽ

സിഗററ്റ് 17.2 ...... 12.1 ബീഡി 11.9 ...... 7.9

മൊത്തം പുകയില ഉപയോഗം 27.4 ....... 19

നഗരപരിധിയിൽ

സിഗററ്റ് 15.84 ........ 14.83 ബീഡി 7.04 .......... 6.01

പുകയില ഉൽപന്നങ്ങളുടെ വിൽപനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ലഹരിക്കായി മറ്റു വഴികൾ തേടുന്നവരുടെ എണ്ണം കൂടുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉപയോഗം കുറയ്ക്കാനായേക്കും.

എ.ബി.പ്രസാദ് എക്‌സൈസ് ഇന്റലിജന്റ്‌സ് ഇൻസ്‌പെക്ടർ.