ട്രംപ്-മോദി സംഭാഷണം: മസ്‌ക്കിന്റെ സാന്നിദ്ധ്യം തള്ളി ഇന്ത്യ
ന്യൂഡൽഹി: മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെലിഫോൺ സംഭാഷണം നടത്തിയപ്പോൾ താനുമുണ്ടായിരുന്നുവെന്ന ശതകോടീശ്വര വ്യവസായി എലോൺ മസ്‌കിന്റെ വാദം തള്ളി ഇന്ത്യ. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയ ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യ ടെലിഫോൺ സംഭാഷണമായിരുന്നു അത്. മസ്‌കിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട വാർത്ത കണ്ടെന്നും മാർച്ച് 24ന് സംഭാഷണം നടന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. സംഭാഷണത്തിനിടെ ഇരു നേതാക്കളും പശ്ചിമേഷ്യൻ സ്ഥിതിഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ചില യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇരു നേതാക്കളുടെയും സംഭാഷണത്തിൽ മസ്‌ക്കും പങ്കു ചേർന്നുവെന്ന വാർത്ത പുറത്തുവിട്ടത്. രണ്ട് ലോക നേതാക്കൾക്കിടയിലെ സംഭാഷണത്തിൽ പതിവില്ലാത്ത വിധം ഒരു സ്വകാര്യ വ്യക്തി കടന്നുവന്നെന്നും വാർത്തയിലുണ്ട്. ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് യു.എസ് സർക്കാരിലെ സുപ്രധാന തസ്‌തികയിൽ നിന്ന് ഒഴിവായ ആളാണ് മസ്‌ക്.