അതിന്യൂനപക്ഷങ്ങൾക്കായി പ്രത്യേക നിയമം വരും: സാബു എം. ജേക്കബ്

Sunday 29 March 2026 12:13 AM IST

വൈപ്പിൻ: ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് വിഭാഗങ്ങളെ അതിന്യൂനപക്ഷമായി പരിഗണിച്ച് അവർക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പു നൽകിയതായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. 114 വർഷമായി സമാധാനമില്ലാത്ത ഓർത്തഡോക്‌സ്, യാക്കോബായ സഭകളിൽ പ്രശ്‌നം പരിഹരിച്ച് സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും പിണറായി വിജയനും ഇക്കാര്യത്തിനായി യാതൊരു ശ്രമവും നടത്തിയില്ല. അങ്കമാലി - കുണ്ടന്നൂർ എട്ടുവരി പാതയ്‌ക്കായി 9000 കോടി രൂപ ചെലവുള്ള പദ്ധതി കൊണ്ടുവരുമെന്നും കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.

തന്റെ പാർട്ടി അഞ്ച് ആഴ്ച മുമ്പ് മാത്രമാണ് എൻ.ഡി.എ യിൽ ചേർന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിലാണ് തങ്ങൾക്ക് ഇത്രയും ഉറപ്പുകൾ ലഭിച്ചത്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈപ്പിൻ പ്രസ് ക്ലബ്ബിൽ സ്ഥാനാർത്ഥി അനിത തോമസിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സാബു ജേക്കബ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.