വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ റോഡുകൾ തകർച്ചയിലേക്ക്

Sunday 29 March 2026 1:29 AM IST

പൂവാർ: പൂവാർ മുതൽ പട്ട്യക്കാല വരെയുള്ള റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ കുഴിച്ചിടുന്നതിനായി റോഡിന്റെ ഇരുവശവും ജെ.സി.ബി ഉപയോഗിച്ച് നിർമ്മിച്ച ചാലുകൾ കാരണം റോഡുകൾ തകരുന്നു. കുഴിയെടുത്ത് മാസങ്ങൾ കഴിഞ്ഞാലും പൈപ്പിട്ടു മൂടാനുള്ള നടപടി മാത്രം എങ്ങുമെത്തിയില്ല. പട്ട്യക്കാലയിൽ അപകടങ്ങൾ പതിവാകുകയും നാട്ടുകാർ സമരം തുടങ്ങിയതോടെയാണ് ജംഗ്ഷനിലെ വലിയ കുഴികൾ മണ്ണിട്ടു മൂടിയത്. നിലവിൽ പുന:ർനിർമ്മാണത്തിന്റെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഭാഗമായി പൂവാർ മുതൽ പട്ട്യക്കാല വരെയുള്ള റോഡിന്റെ ഇരുവശങ്ങളും തകർന്ന അവസ്ഥയിൽ.

ജെ.സി.ബിയുടെ സ്റ്റെബിലൈസർ ലഗ്സ്, ഔട്ട്റിഗ്ഗേഴ്സ് എന്നീ ഭാഗങ്ങൾ റോഡ് തകരാൻകാരണമാകുന്നുണ്ട്. അശ്രദ്ധയോടുള്ള ജെ.സി.ബി ഉപയോഗമാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

പൈപ്പിടൽ തുടരുന്നു

2024ൽ തുടങ്ങിയ പൈപ്പിടൽ ഇപ്പോഴും തുടരുന്നു. 2020ൽ പണി തുടങ്ങി 2023ൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പൂവാർ-നെയ്യാറ്റിൻകര റോഡിന്റെ ശോചനീയാവസ്ഥ വർണ്ണനാതീതമാണ്. 14 കിലോമീറ്റർ റോഡ് നിർമ്മിച്ചത് 16കോടി രൂപ ചെലവഴിച്ചാണ്. പൂവാർ കയ്പൂരി ഭാഗത്ത് റോഡ് കുത്തിപ്പൊളിക്കൽ ഇപ്പോഴും നടക്കുകയാണ്.