'പ്രൊപ്പഗണ്ടകൾക്ക് നമ്മുടെ ഓർമ്മയെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്'; ധുരന്ദർ 2വിനെതിരെ വെട്രിമാരൻ

Sunday 29 March 2026 12:08 PM IST

വിദ്വേഷ പ്രചാരണ സിനിമകൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വെട്രിമാരൻ. തീയേറ്ററിൽ തകർത്ത് മുന്നേറുന്ന ധുരന്ദർ 2 സിനിമയ്‌ക്കെതിരെയാണ് വെട്രിമാരന്റെ വിമർശനം. ഇന്ന് എല്ലാം പ്രൊപ്പഗണ്ടയായി മാറിയിരിക്കുന്നെന്നും ഓർമശക്തിയെ സ്വാധീനിക്കാൻ പ്രൊപ്പഗണ്ടകൾക്ക് കഴിയുമെന്ന് വെട്രിമാരൻ പറഞ്ഞു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്തെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള നീലിര എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് വെട്രിമാരന്റെ വിമർശനം.

'ഇന്ന് എല്ലാം പ്രൊപ്പഗണ്ടയായി മാറുകയാണ്, പ്രൊപ്പഗണ്ടകൾക്ക് ഓർമ്മയെ സ്വാധീനിക്കാൻ ശക്തിയുണ്ട്. ഓർമ്മ വളരെ ചഞ്ചലമാണ്. കാരണം നോട്ടുനിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത് ആരെയാണെന്നും ആളുകൾ വരികളിൽ നിന്നപ്പോൾ എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അതിന്റെ ആഘാതം നമുക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയും. അപ്പോൾ, വിദ്വേഷ പ്രചാരണത്തിനെതിരെ നമുക്ക് എന്തുചെയ്യാൻ കഴിയും?'- വെട്രിമാരൻ പറഞ്ഞു.

ധുരന്ദർ സിനിമയുടെ പേര് പറയാതെയാണ് വെട്രിമാരന്റെ വിമർശനം. എന്നാൽ സോഷ്യൽ മീഡിയ കമന്റുകളിൽ ഇത് ധുരന്ദറിനെതിരെയാണെന്നാണ് പറയപ്പെടുന്നത്. നേരത്തെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും ധുരന്ദറിനെതിരെ രംഗത്തെത്തിയിരുന്നു. താൻ ആദിത്യ ധറിനെ ബിജെപിയുടെ പ്രചാരകൻ എന്നാണ് വിളിച്ചത്. എന്നാൽ ഇപ്പോൾ രണ്ടാമത്തെ ഭാഗത്തിലൂടെ പ്രേക്ഷകർക്ക് എല്ലാം മനസിലായെന്ന് ധ്രുവ് റാഠി എക്സിൽ കുറിച്ചു. ധുരന്ദർ ഒരു വെൽ മെയ്ഡ് സിനിമ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.