കാടിളക്കി പ്രചാരണം, ചോരാതെ വീറും വാശിയും

Monday 30 March 2026 12:23 AM IST

കോട്ടയം : കാടിളക്കിയുള്ള പ്രചാരണത്തിലാണ് ജില്ലയിലെ സ്ഥാനാർത്ഥികൾ. അവധിദിനങ്ങൾ ഒഴിച്ചാൽ പരസ്യ പ്രചരാണത്തിന് മുന്നിലുള്ളത് വെറും ആറുദിവസം. രാഹുൽ ഗാന്ധിയും, നരേന്ദ്ര മോദിയും അടക്കമുള്ള താര പ്രചാരകരാൽ തിരഞ്ഞെടുപ്പ് പ്രചരണം കൂടുതൽ ചടുലമാകും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തിൽ യു.ഡി.എഫും സർക്കാരിന്റെ വികസന നയങ്ങളിൽ എൽ.ഡി.എഫും പ്രതീക്ഷവയ്ക്കുമ്പോൾ പതിവില്ലാതെ കൂടുതൽ മണ്ഡലങ്ങൾ ത്രികോണപ്പോരെന്ന പ്രതീതിയുണ്ടാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് എൻ.ഡി.എയ്ക്ക്.

 കോട്ടയം

പ്രഖ്യാനപത്തിന് മുന്നേ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പലതവണയെത്തി. റെക്കാഡ് ഭൂരിപക്ഷം പ്രതീക്ഷിക്കുമ്പോൾ വ്യക്തിബന്ധങ്ങൾ തുണയ്ക്കുമെന്നാണ് ഇടത് സ്ഥാനാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ ആത്മവിശ്വാസം. സാമുദായിക ബന്ധവും കേന്ദ്ര നയങ്ങളും തുണയ്ക്കുമെന്ന് എൻ.ഡിഎ സ്ഥാനാർത്ഥി പി. അനിൽകുമാർ വിശ്വസിക്കുന്നു.

ഏറ്റുമാനൂർ

മന്ത്രിയെന്ന നിലയിലെ വ്യക്തിബന്ധം കരുത്തായി വിശ്വസിക്കുന്നു ഇടതുസ്ഥാനാർത്ഥി വി.എൻ.വാസവൻ. എന്നാൽ നാളുകൾക്ക് മുമ്പേ മണ്ഡലത്തിൽ കളമൊരുക്കിയിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ശബരിമല വിഷയം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. പുതുതലമുറ വോട്ടുകളിൽ കണ്ണ് വച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായരുടെ പ്രചാരണം.

കടുത്തുരുത്തി

കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം നടക്കുന്ന കടുത്തുരുത്തിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫിനെ തറപറ്റിക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മി ഉറച്ചു വിശ്വസിക്കുന്നു. സുരേഷ് ഇട്ടിക്കുന്നേലിലൂടെ വോട്ടു വർദ്ധനയാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.

വൈക്കം

ഇടതുകോട്ടയായ വൈക്കത്ത് വിള്ളൽ വീഴ്ത്താമെന്നാണ് ഇരു മുന്നണികളുടേയും പ്രതീക്ഷ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രദീപ് സജീവമായി. മുന്നണിയിലെ പ്രശ്നങ്ങൾ മുതലെടുക്കുകയാണ് യു.ഡി.എഫിലെ കെ. ബിനിമോന്റെ ലക്ഷ്യം. ഇടതു മുന്നണിയിലെ വ്യക്തിപരമായ വോട്ടുകളും മുന്നണിയുടെ വോട്ടുകളും ചേർന്നാൽ വിജയം ഉറപ്പെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തും വിശ്വസിക്കുന്നു.

 ചങ്ങനാശേരി

ത്രികോണച്ചൂര് അക്ഷരാർത്ഥത്തിലുണ്ട് ചങ്ങനാശേരിയിൽ. വ്യക്തിബന്ധമുള്ള സിറ്റിംഗ് എം.എൽ.എ ജോബ് മൈക്കിളിനെ നേരിടാൻ സഹപാഠി വിനു ജോബിനാകുമെന്ന് യു.ഡി.എഫ് കരുതുമ്പോൾ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാധാകൃഷ്ണ മേനോനെ മുന്നണികൾക്കതീതമായ സ്വീകര്യത തുണയ്ക്കുമെന്ന് എൻ.ഡി.എ പ്രതീക്ഷിക്കുന്നു. ചങ്ങനാശേരി ഇതുവരെ കാണാത്ത പ്രചരണത്തിലാണ് മൂന്ന് മുന്നണികളും.

പാലാ

ആര് ജയിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത വിധം പാലാപ്പോരാട്ടം കടുത്തു. ജോസ് കെ.മാണിയ്ക്കായി കട്ടയ്ക്ക് സി.പി.എമ്മുണ്ട്. മാണി സി.കാപ്പനും യു.ഡി.എഫ് ക്യാമ്പും നിശബ്ദമായി സജീവം. താര പ്രചാരണമാണ് എൻ.ഡി.എയുടെ ഷോൺ ജോർജ് നടത്തുന്നത്.

പൂഞ്ഞാർ മൂന്നുമുന്നണികളും വിട്ടുവീഴ്ചയില്ലാത്ത പ്രചാരണം പൊടിപൊടിക്കുന്ന പൂഞ്ഞാറിലെ വിധിയും പ്രവചനാതീതം. 300 കോടിയുടെ വികസന പദ്ധതികളുടെ കണക്ക് പറഞ്ഞ് എൽ.ഡി.എഫിനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ സജീവം. വൈകിയത്തിയെങ്കിലും കളം നിറഞ്ഞെന്ന് യു.ഡി.എഫിലെ എം.ജെ. സെബാസ്റ്റ്യന്റെ വിശ്വാസം. പി.സി.ജോർജെന്ന ഒറ്റവ്യക്തിയിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ.

കാഞ്ഞിരപ്പള്ളി

സിറ്റിംഗ് എം.എൽ.എ എൻ.ജയരാജിന്റെ ജനകീയതയിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. അവസാനമാണ് എത്തിയതെങ്കിലും പ്രവർത്തക പിന്തുണയിൽ പ്രതിസന്ധികളെ മറികടന്നെന്നാണ് യു.ഡി.എഫിലെ റോണി കെ.ബേബിയുടെ ആത്മവിശ്വാസം. ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ കേന്ദ്രമന്ത്രിയായ ജോർജ് കുര്യനെ ഇറക്കിയിത് ഏറെ ഗുണകരമെന്ന് എൻ.ഡി.എ വിശ്വാസം.

 പുതുപ്പള്ളി

വ്യത്യസ്തമായ പ്രചാരണത്തിലൂടെ ഭൂരിപക്ഷം ഉയർത്താനായി ലക്ഷ്യമിട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രവർത്തനം. താഴേത്തട്ടിലുള്ള വോട്ടുകളിലാണ് ഇടതുമുന്നണിയുടെ കെ.എം.രാധാകൃഷ്ണന്റെ പ്രതീക്ഷ. വാകത്താനത്തിന്റെ ജനകീയ മുഖമായ രവീന്ദ്രനാഥ് വാകത്താനം വോട്ട് ബാങ്കിൽ വർദ്ധനയുണ്ടാക്കുമെന്ന് എൻ.ഡി.എ നേതാക്കൾ പറയുന്നു.