സീറ്റില്‍ നിന്ന് എണീറ്റു, നേരെ പോയത് എമര്‍ജന്‍സി വാതിലിന് അരികില്‍; ഇന്‍ഡിഗോ വിമാനത്തില്‍ പിന്നെ സംഭവിച്ചത്‌

Sunday 29 March 2026 7:56 PM IST

ലക്‌നൗ: വിമാനം ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുൻപ് എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ഇന്നലെ രാത്രി 8.15ന് ബംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് പോയ 6ഇ -185 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മൗ ജില്ലക്കാരനായ മുഹമ്മദ് അദ്നാനാണ് വാതിൽ തുറക്കാൻ ശ്രമിച്ചത്.

തുടക്കത്തിൽ വളരെ സാധാരണ രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് അധികൃതർ പറയുന്നു. എന്നാൽ 10.20ന് വിമാനം വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനം ഭൂമിയിൽ നിന്ന് വെറും 500 അടി മാത്രം ഉയരത്തിലായിരുന്നു അപ്പോൾ. വിമാന ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പെെലറ്റ് ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു.

പിന്നാലെ വിമാനം ആകാശത്ത് ഒരു വട്ടം കൂടിവലംവച്ച ശേഷം 10.35ന് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. അദ്നാന്റെ പ്രവൃത്തികണ്ട് മറ്റ് യാത്രക്കാരും പേടിച്ചു. വിമാനം ലാനഡ് ചെയ്തശേഷം അദ്നാനെ സിഐഎസ്എഫിന് കെെമാറി. ചോദ്യം ചെയ്തപ്പോൾ താൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും പ്രേതബാധയുണ്ടായെന്നുമാണ് മുഹമ്മദ് അദ്നാൻ ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് ഗോവയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി ഡോറിന്റെതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.