മേഘാലയയിൽ നിന്ന് കേരളത്തിലെത്തിച്ചത്  ട്രെയിൻ വഴി; സംശയം തോന്നിയതിന് പിന്നാലെ പരിശോധന

Sunday 29 March 2026 9:39 PM IST

ചെങ്ങന്നൂർ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രെെവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താൻ ശ്രമിച്ച 50.058 കിലോ കഞ്ചാവാണ് പിടികൂടിയത്. എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സെെസും ആർപിഎഫും ചേർന്ന് പിടികൂടി.

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മേഘാലയയിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിൽപന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് വിവരം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ സംശയകരമായ സാഹചര്യത്തിൽ കണ്ട ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.

അതേസമയം, കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി യുവതികളുൾപ്പെടെ എട്ടു പേരെ കൊച്ചി സിറ്റി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസിൽ ഷാജി ഫെർണാണ്ടോ (ഷോൺ, 44), ഇടപ്പള്ളിയിലെ റെസ്റ്റോറന്റ് ഉടമ കലൂർ കെന്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ ജോസ് (31), അഭിഭാഷകനായ കലൂർ ലോട്ടസ് വീട്ടിൽ രോഹിത് നായർ (25), കെമിക്കൽ ട്രീറ്റ്‌മെന്റ് ബിസിനസുകാരൻ ആലുവ കടുങ്ങല്ലൂർ ഒബ്രോൺ അപ്പാർട്ട്‌മെന്റിൽ ജിനോ മുരളി, ന്യൂട്രിഷ്യൻ ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്ത് തെക്കേതിൽ വീട്ടിൽ അക്ബർ ഷാ (30), ദന്ത ഡോക്ടർ പന്തളം മെയ്ഫെയർ വീട്ടിൽ ബെൻസി റാവുത്തർ (29), ഫിസിയോ തെറാപ്പിസ്റ്റ് കൊല്ലം ചടയമംഗലം എസ്.ആർ.എച്ച് വീട്ടിൽ സെയ്തലി ഫാത്തിമ (29), എവിയേഷൻ വിദ്യാർത്ഥിനി കണ്ണൂർ അഞ്ചരകണ്ടി പൂക്കൊത്തു പാളയം വീട്ടിൽ അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.

ഇവരിൽ നിന്ന് 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് , 0.34 ഗ്രാം കൊക്കെയ്‌ൻ, 0.36 ഗ്രാം മെത്താംഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ മയക്കു മരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷോൺ.