എസ്.ഡി.പി.ഐ ഡീൽ: കനഗോലുവിന്റെ 'കാപ്സ്യുൾ' -എം.എ ബേബി

Monday 30 March 2026 12:06 AM IST
എം.എ ബേബി

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്നുവന്ന സി.പി.എം-എസ്.ഡി.പി.ഐ ബന്ധം സംബന്ധിച്ച ആരോപണങ്ങളെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. ഡീൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും അത് യു.ഡി.എഫിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ പുതിയ 'കാപ്സ്യൂൾ' ആണെന്നും അദ്ദേഹം പരിഹസിച്ചു. കാസർകോട് പ്രസ് ക്ലബ്ബിന്റെ വോട്ടും വാക്കും പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി.

കോൺഗ്രസ് പുതിയ നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. ആദ്യം അവർ പറഞ്ഞത് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടെന്നാണ്. ആ ആരോപണം വോട്ടർമാർക്കിടയിൽ ചിലവാകാതെ വന്നപ്പോഴാണ് എസ്.ഡി.പി.ഐ ബന്ധം വരുന്നത്. വർഗീയശക്തികളുമായി ചർച്ച നടത്തുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സി.പി.എം. ആർ.എസ്.എസിന്റെ ഉത്പന്നമായാണ് എസ്.ഡി.പി.ഐയെ തങ്ങൾ കാണുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ആരുടെ വോട്ടും വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ടു ചെയ്യാൻ പോളിംഗ് ബൂത്തിൽ പോകുന്ന ഒരാളോട് വോട്ട് ചെയ്യരുതെന്ന് പറയാൻ ജനാധിപത്യ സംവിധാനത്തിൽ കഴിയില്ല. സ്ത്രീകളെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കരുതെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന സ്ത്രീ തുല്യതക്ക് നിരക്കാത്തതാണ്. സ്ത്രീവിരുദ്ധ നിലപാടുകളോട് സി.പി.എമ്മിന് യോജിപ്പില്ല. സ്ത്രീകളെ സമൂഹത്തിൽ എല്ലാ രംഗത്തും ഉയർത്തിക്കൊണ്ടു വരികയാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടെ എം.എ ബേബി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എയും ഒപ്പം ഉണ്ടായി.