ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ; കൊളംബോയിലെത്തിച്ചത് 38,000 മെട്രിക് ടണ്‍ പെട്രോളും ഡീസലും

Sunday 29 March 2026 10:03 PM IST

ന്യൂഡല്‍ഹി/ കൊളംബോ: പശ്ചിമേഷ്യയില്‍ യുദ്ധത്തെ തുടര്‍ന്ന് രൂപപ്പെട്ട ഇന്ധന പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. അയല്‍രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഭാഗമായി 38,000 മെട്രിക് ടണ്‍ ഇന്ധനമാണ് ഇന്ത്യ കൊളംബോയില്‍ എത്തിച്ചത്. 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളുമാണ് ഇന്ത്യ അയച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ നല്‍കിയ കൈത്താങ്ങിന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും എക്‌സിലൂടെ നന്ദിയറിയിച്ചു.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ സഹായം കൊളംബോ തുറമുഖത്തില്‍ എത്തിയത്. അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണമനയെന്നതാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയുടെ നയം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വഴിയാണ് ഇന്ത്യയുടെ സഹായം കൊളംബോയില്‍ എത്തിയത്.

യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. വെസ്റ്റ് ഏഷ്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമാണ് ശ്രീലങ്ക തങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ യുദ്ധം ശക്തമായതോടെ ഇന്ധന വിതരണക്കാര്‍ ദ്വീപ് രാജ്യത്തെ കൈവിട്ടിരുന്നു. മേഖലയിലെ സുരക്ഷയും ഊര്‍ജ സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ വിശ്വസ്തരായ പങ്കാളികളായി ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.