പഞ്ചാബിൽ പാക് ഭീകരർ പിടിയിൽ

Monday 30 March 2026 12:14 AM IST

ചണ്ഡീഗഢ്: ജമ്മു കാശ്മീർ പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പഞ്ചാബിൽ നിന്ന് രണ്ട് പാക് ഭീകരരെ പിടികൂടി.

അബു ഹുറൈറ, ഉസ്മാൻ എന്നീ ലഷ്കർ ഭീകരരാണ് അറസ്റ്റിലായത്. പ്രദേശവാസിയായ ജമീൽ എന്നയാളെയും പിടികൂടിയിട്ടുണ്ട്.

മലേർകോട്ട പ്രദേശത്തെ ഷെർവാനി കോട്ടെ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് (എസ്.ഒ.ജി) രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പഞ്ചാബ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഗ്രാമത്തിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിച്ച ചിലരെ മുമ്പ് അറസ്റ്ര് ചെയ്തിരുന്നു. ഭാവിയിൽ ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ഒഴിവായെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റാണ് ഈ ഭീകരസംഘത്തിലേക്ക് നയിച്ചത്.

ഭീകരർ 15 വർഷമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.