ഓ..! ആവേശ തിരുനാൾ
- മോദിയുടെ വരവിൽ പ്രതീക്ഷയോടെ എൻ.ഡി.എ
തൃശൂർ: എൻ.ഡി.എയുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയെത്തിയതോടെ പൂരനഗരിയും ആവേശത്തിലായി. ഉച്ചവെയിൽ കൂസാതെ ജനം മോദിയെ കാണാനെത്തി. പാലക്കാട് പൊതുസമ്മേളനം കഴിഞ്ഞ് ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂരിൽ മോദി എത്തിയെന്നറിഞ്ഞതോടെ നഗരം ജയ് മോദി വിളികളാൽ നിറഞ്ഞു. ജില്ലാ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോയ്ക്ക് ആവേശം പകർന്ന് സ്വരാജ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ പുലികളി, കുമ്മാട്ടി, കഥകളി, വാദ്യമേളങ്ങൾ നിരന്നു. റോഡ് ഷോ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചതോടെ ആരവങ്ങളാൽ നഗരം മുഖരിതമായി. സ്ത്രീകളടക്കമുള്ള ബി.ജെ.പി പ്രവർത്തകരും കുട്ടികളും പുഷ്പവൃഷ്ടി നടത്തി. കൈവീശിയും കൈകൂപ്പിയും തിരികെ പൂക്കളെറിഞ്ഞും മോദി പ്രത്യഭിവാദ്യം ചെയ്തു. ഇതോടെ പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങി. തൃശൂരിലെ സ്ഥാനാർത്ഥി പത്മജ, മണലൂരിൽ മത്സരിക്കുന്ന അനീഷ് കുമാർ, നാട്ടികയിൽ മത്സരിക്കുന്ന സി.സി.മുകുന്ദൻ എന്നിവരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമാണ് മോദിക്ക് ഒപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നത്.
ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികളായ ബിജോയ് തോമസ്, എ.നാഗേഷ്, സന്തോഷ് ചെറാക്കുളം, അഡ്വ. ചാർളി പോൾ, വർഗീസ് ജോർജ്, അതുല്യഘോഷ് വെട്ടിയാട്ടിൽ, അഡ്വ. ബി.ഗോപാലകൃഷ്ണൻ, കെ.ആർ.റെജിൽ, അഡ്വ. ഉല്ലാസ് ബാബു, കെ.ബാലകൃഷ്ണൻ എന്നിവരും സന്നിഹിതരായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. അന്ന് സുരേഷ് ഗോപിയുമായി റോഡ് ഷോ നടത്തി. തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ച് കേന്ദ്രമന്ത്രിയായി. മോദിയുടെ രണ്ടാംവരവിൽ തൃശൂരടക്കമുള്ള സീറ്റുകൾ പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ.
സി.സി.മുകുന്ദനും ശ്രദ്ധാകേന്ദ്രം
ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും മണലൂരിലെ സ്ഥാനാർത്ഥിയുമായ അഡ്വ. കെ.കെ.അനീഷ് കുമാറിന് പുറമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി മത്സരിച്ച പത്മജ വേണുഗോപാലും സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എയായിരുന്ന, നാട്ടികയിലെ നിലവിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സി.സി.മുകുന്ദനും പ്രധാനമന്ത്രിക്ക് ഒപ്പം റോഡ് ഷോയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിനോട് അടുത്ത് ബി.ജെ.പിയിലേക്കെത്തിയ സി.സി.മുകുന്ദനെ പ്രധാനമന്ത്രിക്ക് ഒപ്പം നിറുത്താനുള്ള തീരുമാനം നാട്ടികയിൽ വലിയമാറ്റം സൃഷ്ടിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. മറ്റ് സ്ഥാനാർത്ഥികൾക്കും അവസരം ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സുരക്ഷാപ്രശ്‌നം കൊണ്ട് ഒഴിവാക്കി.
ഉച്ചവെയിൽ കൂസാതെ ജനം
ഉച്ചയോടെ തേക്കിൻകാടിന് സമീപമുള്ള ഏതാനും ഭാഗങ്ങളിൽ മാത്രമാണ് ആളുകളെ പ്രവേശിപ്പിച്ചത്. ബാരിക്കേഡുകൾ ഉയർത്തി ശക്തമായ സുരക്ഷയൊരുക്കിയാണ് മോദിയെ കാണുന്നതിന് സുരക്ഷാസേന സൗകര്യം ഒരുക്കിയത്. ഉച്ചയ്ക്ക് മുമ്പ് സ്വരാജ് റൗണ്ടിലേക്കുള്ള വാഹനഗതാഗതം പൊലീസ് തടഞ്ഞു. ബാഗും കുടകളും ഒഴിവാക്കാൻ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും അറിയാതെയെത്തിയ പലരും കുഴങ്ങി.
900 മീറ്റർ, അര മണിക്കൂർ
തൃശൂർ: ജയ് ബി.ജെ.പി, ജയ് ഭാരത് മാത, ജയ് മോദിജി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്ന സ്വരാജ് റൗണ്ടിൽ ഇടതുകൈ വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വരാജ് റൗണ്ടിൽ ആവേശം പടർത്തിയത് ഏകദേശം അരമണിക്കൂർ. കുട്ടനെല്ലൂർ ഹെലിപ്പാഡിൽ വന്നിറങ്ങിയതു മുതൽ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓരോ ചുവടും. സമയനിഷ്ഠ പാലിച്ച് വഴിയൊരുക്കുന്നതിൽ പൊലീസും പ്രത്യേക സുരക്ഷാസേനയും അദ്ധ്വാനിച്ചു. 4.50 മുതൽ 5.15 വരെ നീണ്ട റോഡ് ഷോ ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിലാണ് അവസാനിച്ചത്. സ്വരാജ് റൗണ്ടിലെ നടവഴിയിൽ തിങ്ങിനിറഞ്ഞ ഒരു നോക്ക് കാണാൻ നിന്ന പ്രവർത്തകർക്ക് നേരെ കൈ ഉയർത്തി മോദി അഭിവാദ്യം ചെയ്തു. പാലക്കാട്ട് വെള്ള കുർത്തയും ദോത്തിയുമായിരുന്നു വേഷം, എന്നാൽ തൃശൂരിലെ റോഡ് ഷോയ്ക്ക് എത്തിയപ്പോൾ വെള്ള ഷർട്ടായിരുന്നു ധരിച്ചത്. പ്രധാനമന്ത്രിയും സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാലും കെ.കെ.അനീഷ് കുമാറും സി.സി.മുകുന്ദനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കയറിയ ഓറഞ്ച് ഇസുസു വാഹനം വെള്ളയും ഓറഞ്ചും നിറങ്ങളിലുള്ള ജമന്തിപ്പൂക്കൾ കൊണ്ടും മോദിയുടെ ചിത്രങ്ങൾ വച്ചും അലങ്കരിച്ചിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വൻസുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു റോഡ് ഷോ. റോഡിന്റെ ഇരുവശത്തും ബാരിക്കേഡ് വച്ച് പൊതുജനങ്ങളെ നിയന്ത്രിച്ചു. ബാരിക്കേഡിനപ്പുറം മാത്രമാണ് പ്രവർത്തകരെ ഉൾപ്പെടെ പ്രവേശിപ്പിച്ചത്. ജനറൽ ആശുപത്രി പരിസരം മുതൽ രാഗം തിയറ്റർ വരെയുള്ള പ്രദേശത്ത് ഇരുവശത്തും പൊതുജനങ്ങളെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബിനി ഹെറിറ്റേജ് വരെയുള്ള ഭാഗത്ത് സ്വരാജ് റൗണ്ടിലെ ഔട്ടർ നടപ്പാതയിൽ മാത്രമായിരുന്നു നിൽക്കാൻ അവസരം ലഭിച്ചത്. നടുവിലാലിനും ഷൊർണൂർ റോഡിനും ഇടയിലുള്ള ഭാഗത്ത് ബി.ജെ.പി പ്രവർത്തകരുടെ തിരക്ക് കുറവായിരുന്നു. വെയിലിന്റെ കാഠിന്യം ഇവിടെ കൂടുതലുമായിരുന്നു. സി.എം.എസ് സ്കൂളിന് മുൻവശത്തായിരുന്നു ഏഴംഗ മാർഗം കളി സംഘം നിലയുറപ്പിച്ചത്.
കടന്നുപോയ നിമിഷങ്ങൾ ഇങ്ങനെ..
വൈകിട്ട് 4.30 കുട്ടനെല്ലൂർ സി.അച്യുതമേനോൻ കോളേജ് ഹെലിപാഡിൽ വന്നിറങ്ങുന്നു. പ്രത്യേക വാഹനത്തിൽ തൃശൂർ റൗണ്ടിലേക്ക്. ദൂരം 9 കിലോമീറ്റർ (മണ്ണുത്തി വഴി)
വൈകിട്ട് 4.50 തൃശൂരിലെ ജനറൽ ആശുപത്രിക്ക് സമീപത്തേക്ക്. റോഡ് ഷോ ആരംഭം.
വൈകിട്ട് 5.15 ബിനി ഹെറിറ്റേജിന് മുൻപിൽ.
വൈകിട്ട് 5.20 തിരിച്ച് പ്രത്യേക വാഹനത്തിൽ ഹെലിപ്പാഡിലേക്ക്.
5.33 തിരികെ കൊച്ചിയിലേക്ക്