സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം, മൃതദേഹം ആറ് ദിവസമായി ആശുപത്രിയിൽ

Monday 30 March 2026 12:47 AM IST

പാവറട്ടി: സംസ്‌കരിക്കുന്നതുമായി ഉടലെടുത്ത തർക്കത്തെ തുടർന്ന് മൃതദേഹം ആറ് ദിവസമായി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പൂവത്തൂരിലെ ഓയിൽ വ്യാപാരിയായിരുന്ന പെരിങ്ങാട് കുണ്ടുകുളം ജോസി(73)ന്റെ മൃതദേഹമാണ് തൃശൂർ അശ്വിനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്. 25ന് രാത്രി 8.30നാണ് ചികിത്സയിലായിരുന്ന ജോൺ ഇതേ ആശുപത്രിയിൽ മരണപ്പെട്ടത്. ഭാര്യ സീനയും മകൾ ഷെറിനും മൃതദേഹം വിട്ടുവളപ്പിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പിതാവിനെ ക്രിസ്തുമത ആചാരപ്രകാരം പാവറട്ടി തീർത്ഥകേന്ദ്രത്തിലെ സെമിത്തേരിയിൽ സംസ്‌കരിക്കണമെന്ന് മകൻ ആൻസൻ പറഞ്ഞതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

പരാതി നൽകിയിട്ടും നടപടിയായില്ല

ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കാൻ സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ആൻസൻ പാവറട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് പാവറട്ടി എസ്.എച്ച്.ഒ വീട്ടിലെത്തി ഭാര്യയും മകളുമായി സംസാരിച്ചെങ്കിലും തീരുമാനമായില്ല. തഹസിൽദാർ, പാവറട്ടി പഞ്ചായത്ത്, കളക്ടർ എന്നിവർക്കും പരാതി നൽകി. തഹസിൽദാരുടെ നിർദ്ദേശപ്രകാരം പാവറട്ടി വില്ലേജ് ഓഫീസർ വീട്ടിലെത്തി സംസാരിച്ചിട്ടും ബന്ധുക്കളും സുഹൃത്തുക്കളും വൈദികരും കുടുംബവുമായി ചർച്ച നടത്തിയിട്ടും നടപടിയായില്ല. ഇതിനിടെ, കുടിവെള്ള സ്രോതസുകൾ മലിനമാകുമെന്നും ആരോഗ്യപ്രശ്‌നം ഉണ്ടാകുമെന്നും ആരോപിച്ച് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം വീട്ടുവളപ്പിൽ അടക്കണമെന്ന് മരിക്കുന്നതിന് മുമ്പ് ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ സീന പറയുന്നു.