അനന്തപുരിയുടെ താരമാകാൻ

Monday 30 March 2026 2:27 AM IST

തിരുവനന്തപുരം: അനന്തപുരിയുടെ ഹൃദയതാളം തൊട്ടറിഞ്ഞുള്ള രാഷ്ട്രീയ പോരാട്ടത്തിന് തിരുവനന്തപുരം മണ്ഡലം സജ്ജമാകുന്നു. മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയും

മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ജോണും അട്ടിമറി ലക്ഷ്യമിട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയായി കരമന ജയനുമാണ് രംഗത്തുള്ളത്.

 പ്രതീക്ഷയോടെ സി.പി.ജോൺ

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ചർച്ചിൽ മുഴങ്ങിക്കേട്ട ഓശാന ഞായർ പ്രാർത്ഥനയിലേക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ജോണിന്റെ വരവ്. ചിരപരിചിതനായ സ്ഥാനാർത്ഥിയെ കണ്ട് പള്ളിയുടെ പുറത്തു നിന്നിരുന്നവർ ചുറ്റും കൂടി. സി.പി.ജോണിന്റെ പ്രതിദിന പ്രചാരണം ആരംഭിക്കുന്നത് വിവിധ ദേവാലയങ്ങളിലെത്തുന്ന വിശ്വാസികളുമായി സംവദിച്ചുകൊണ്ടാണ്. കുരുത്തോല ഏറ്റുവാങ്ങിക്കൊണ്ട് പള്ളിയുടെ സമീപത്തു നിന്ന സ്ഥാനാർത്ഥിയുടെ അടുത്തേക്ക് പരിചയക്കാരെത്തി. എല്ലാവർക്കും അറിയേണ്ടിയിരുന്നത് പ്രചാരണത്തിന്റെ ആവേശവും ജനങ്ങളുടെ സ്വീകാര്യതയുമായിരുന്നു. ചിരിച്ചു കൊണ്ട് തന്റെ ആത്മവിശ്വാസം വ്യക്തമാക്കിയ അദ്ദേഹം ചുറ്റുമുള്ളവരോട് വോട്ടഭ്യർത്ഥിച്ചു. .

 വെയിലിലും വാടാതെ സുധീർ കരമന

ചൂട് വകവയ്ക്കാതെ ആവേശത്തോടെ പായുന്ന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയ്‌ക്കൊപ്പമെത്താൻ അണികൾ കൂടെയോടുന്ന കാഴ്ചയ്ക്കാണ് ചെങ്കൽച്ചൂള ഭാഗത്തെത്തിയപ്പോൾ കണ്ടത്. മുഖവുരയുടെ ആവശ്യമില്ലാത്ത ഏറെ പരിചിതനായ സ്ഥാനാർത്ഥി വോട്ടുചോദിച്ചെത്തുമ്പോൾ താര ആരാധനയോടെ പലരും നോക്കുന്നു. കടകളിലോരൊന്നും കയറിയിറങ്ങി നേരെ ചെങ്കൽച്ചൂളയിലെ വീടുകളിലേക്ക് കയറിയതോടെ കൂട്ടത്തോടെ വോട്ടർമാർ പുറത്തിറങ്ങി. നിറഞ്ഞ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിയോടൊപ്പം നടൻ അപ്പാനി ശരത്തുമുണ്ടായിരുന്നു. ഓരോരുത്തരോടും വോട്ട് ഉറപ്പാക്കിയ ശേഷം കൺവെൻഷന് പങ്കെടുക്കാൻ സ്ഥാനാർത്ഥി മടങ്ങി.

 വികസന മുദ്രാവാക്യവുമായി കരമന ജയൻ

നഗര ഹൃദയത്തിലെ മൂന്നാം തെരുവ് ഹനുമാൻ സ്വാമി ക്ഷേത്രപരിസരത്ത് ഭക്തിയും രാഷ്ട്രീയ ആവേശവും ഒരുപോലെ അലയടിച്ച നിമിഷങ്ങളിലേക്കാണ് എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയനെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ പരിചിതനായ സ്ഥാനാർത്ഥിയെ കണ്ടതോടെ പ്രവർത്തകർ ആവേശത്തിലായി. ക്ഷേത്ര നടയിൽ തൊഴുതുവണങ്ങി, പൂജാരി നൽകിയ പ്രസാദം നെറ്റിയിൽ ചാർത്തിയാണ് അദ്ദേഹം വോട്ടഭ്യർത്ഥന തുടങ്ങി. ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്ന വോട്ടർമാരോടും ഭക്തജനങ്ങളോടും കുശലാന്വേഷണം നടത്തിയായിരുന്നു പ്രചാരണത്തിന്റെ തുടക്കം. നഗരത്തിന്റെ വികസനവും വിശ്വാസ സംരക്ഷണവുമാണ് ലക്ഷ്യം," എന്ന് ഉറപ്പിച്ചു പറയുമ്പോൾ ചുറ്റുമുള്ളവർ ആത്മവിശ്വാസത്തോടെ തലകുലുക്കി. വൈകാതെ തന്നെ അടുത്ത കൺവെൻഷനായി പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം മൂന്നാം തെരുവിലെ വോട്ടർമാരോട് യാത്ര പറഞ്ഞു മടങ്ങി.