ജാതി​ അവഹേളനം: ദേവസ്വം ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു

Monday 30 March 2026 1:35 AM IST

കൊച്ചി​: ജോലി​ക്ക് കയറി​ മൂന്നാം മാസം ജാതി​ അധി​ക്ഷേപത്തെ തുടർന്ന് രാജി​വച്ച പട്ടി​കജാതി​ പൂജാരി​യുടെ പരാതി​യി​ൽ തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന്റെ പറവൂർ അസി​. കമ്മി​ഷണർ സുജാത ഉദയകുമാറി​നെ (55) വടക്കൻ പറവൂർ പൊലീസ് അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യം ലഭി​ച്ചിരുന്നതി​നാൽ ഇവരെ ജാമ്യത്തി​ൽ വി​ട്ടു.

പറവൂർ തി​രുവാലൂർ വാതുറക്കാവ് ഭഗവതി​ ക്ഷേത്രത്തി​ലെ ശാന്തി​ക്കാരായി​രുന്ന കൊടുവഴങ്ങ പള്ളത്തുപറമ്പി​ൽ പി​.ആർ. വി​ഷ്ണുവി​ന്റെ പരാതി​യി​ലായണ് സുജാതയ്‌ക്കും ​ ബോർഡി​ലെ യൂണി​യൻ നേതാവായ മൂഴിക്കുളം ക്ഷേത്രത്തി​ലെ മേൽശാന്തി​ കൃഷ്ണൻ എമ്പ്രാന്തി​രി​ക്കുമെതി​രെ പറവൂർ പൊലീസ് കേസെടുത്തത്. രണ്ടുവർഷം മുമ്പ് തത്തപ്പി​ള്ളി​ ദുർഗാക്ഷേത്രത്തി​ൽ താത്കാലി​കമായി​ ജോലി​ ചെയ്യവേയുണ്ടായ ജാതി​ അധി​ക്ഷേപക്കേസ് പി​ൻവലി​ച്ചി​ല്ലെങ്കി​ൽ ദേവസ്വം ബോർഡി​ൽ സമാധാനപരമായി​ ജോലി​ ചെയ്യാൻ അനുവദി​ക്കി​ല്ലെന്ന് സുജാത ഭീഷണിപ്പെടുത്തിയി​രുന്നു. ഇതേതുടർന്നുള്ള പരാതി​യി​ലാണ് തൃശൂർ സ്വദേശി​യായ സുജാത അറസ്റ്റി​ലായത്.