കുളനടയിൽ 50 പവൻ സ്വർണം കവർന്ന കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ

Monday 30 March 2026 1:54 AM IST

പന്തളം: കുളനടയിൽ കൈപ്പുഴ ഭാഗത്ത് വീടിന്റെ മുൻവാതിലും അലമാരയും കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന കേസിൽ ഒരാളേക്കൂടി പന്തളം പൊലീസ് അറസ്റ്റുചെയ്തു. കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂർ സ്വദേശി സബ്ജയിൽ രാജ എന്ന് വിളിക്കുന്ന മരു​ത​രാ​ജ് (28) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഒരു കൊലപാതക കേസും, ആറ് വധശ്രമ കേസുകളും, നിരവധി കവർച്ച കേസുകളുമടക്കം അമ്പതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌​നാട്ടിൽ അടക്കംനി​രവധി പൊലീസ്‌സ്റ്റേഷനിലുകളിൽപിടികിട്ടാപ്പുള്ളിയാണ് ഇയാൾ. നാലുപേരെ നേരത്തേ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, സബ് ഇൻസ്‌​പെക്ടർ യു.വി.വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, ആർ. രഞ്ജിത്ത്, നിയാസ്, ബി.അരുൺ, സിജു എന്നിവർ ചേർന്നാണ് തമിഴ്‌​നാട്ടിലെ പുതുക്കോട്ടയിൽ നിന്നും ഇയാളെ പിടികൂടിയത്. ഈ കേസിൽ ഇനി രണ്ടുപേരേക്കൂടി പിടികൂടാനുണ്ട്. ഫെബ്രുവരി 29​ന് പുലർച്ചെയാണ് എം.സി റോഡിനരികിലുള്ള കൈപ്പുഴ ലക്ഷ്മിനികേതനിൽ വി. ബിജുനാഥിന്റെ വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിൽ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും എ.ടി.എം. കാർഡുകളുമടങ്ങിയ ബാഗുമാണ് മോഷ്ടിച്ചത്.