രാജ്യത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണി സന്ദേശമയച്ച വിരുതനെ പിടികൂടി, കണ്ടെത്തിയത് മിന്നൽ പരിശോധനയിൽ

Monday 30 March 2026 9:46 AM IST

ബംഗളൂരു: കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് നിരന്തരം സന്ദേശങ്ങളയച്ചയാളെ പിടികൂടി. രാജ്യത്തെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, കോടതികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശമയച്ച ശ്രീനിവാസ് ലൂയിസ് (47) എന്നയാളെയാണ് ഡൽഹി‌ പൊലീസ് മൈസൂരുവിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. വൃന്ദാവൻ ലേയൗട്ടിൽ രണ്ടാം ഫേസിൽ താമസിക്കുകയായിരുന്നു പ്രതി. ഞായറാഴ്‌ചയാണ് ഇയാളെ പിടിച്ചത്.

രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളെയും പൊലീസിനെയും വട്ടംകറക്കിയ ശ്രീനിവാസിനെ സാങ്കേതികവിദ്യാ സഹായത്തോടെ നടത്തിയ സൂക്ഷ്‌മമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഓരോ ഭീഷണി സന്ദേശങ്ങളും ആശങ്കക്കും ദീർഘനേരത്തെ സുരക്ഷാ പരിശോധനയ്‌ക്കും ഇടയാക്കിയിരുന്നു. ‌ഡൽഹി പൊലീസാണ് പ്രതി മൈസൂരുവിലുണ്ടെന്ന് കണ്ടെത്തിയത്. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഇയാൾ ബോംബ് ഭീഷണി സന്ദേശങ്ങൾ പലയിടത്തേക്കും അയച്ചിരുന്നത്.

പ്രതി ശ്രീനിവാസ് ഇത്തരത്തിൽ സന്ദേശമയക്കാൻ കാരണമെന്താണെന്നതിന്റെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചില നിർണായകമായ തെളിവുകൾ ഇയാളിൽ നിന്ന് ലഭിച്ചെന്ന് സൂചനകളുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ് പൊലീസ്.