'എനിക്കേറ്റവും ഇഷ്ടം ഇറാനിലെ എണ്ണ സ്വന്തമാക്കുന്നത്', ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ട്രംപ്

Monday 30 March 2026 10:04 AM IST

വാഷിംഗ്‌ടൺ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ഇറാനിലെ എണ്ണ കൈക്കലാക്കുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണ എടുക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

'ഇാനിലെ എണ്ണ എടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ചിലപ്പോൾ നമ്മൾ ഖാർഗ് ദ്വീപും സ്വന്തമാക്കും. നമുക്ക് മുന്നിൽ അനേകം ഓപ്‌ഷനുണ്ട്. അവിടെ കുറച്ചുകാലം നിൽക്കേണ്ടതായും വരും. അവർക്ക് പ്രതിരോധ സംവിധാനം എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. എളുപ്പത്തിൽ എണ്ണ സ്വന്തമാക്കാനാവും.

നമുക്ക് ഇനി ഏകദേശം 3000 ടാർഗറ്റുകൾ ബാക്കിയുണ്ട്, 13000 എണ്ണം ബോംബിട്ടു തകർത്തു. ഒരു കരാർ വളരെ വേഗത്തിൽ ഉണ്ടാക്കാൻ കഴിയും. ഒരു സമ്മാനമെന്ന നിലയിൽ പാക് പതാകയുള്ള കൂടുതൽ എണ്ണ കപ്പലുകൾ ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുവദിച്ചു.'- ട്രംപ് ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.

ഇറാൻ തീരത്തുനിന്ന് 16 മൈൽ അകലെ ഗൾഫിന്റെ വടക്കേ അറ്റത്തായി ഹോർമുസ് കടലിടുക്കിന് ഏകദേശം 300 മൈൽ വടക്കുപടിഞ്ഞാറായി ആണ് ഖാർഗ് സ്ഥിതിചെയ്യുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലാണ്. ദ്വീപ് പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ ഊർജ്ജ വ്യാപാരത്തെ തടസപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയിൽ വലിയ സമ്മർദ്ദം ചെലുത്താനും കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.