മാതാപിതാക്കൾക്ക് ചെലവിന് നൽകിയില്ലെങ്കിൽ ശമ്പളം കട്ട്; 15 ശതമാനം സർക്കാർ പിടിക്കും, പുതിയ നിയമം

Monday 30 March 2026 12:03 PM IST

ഹൈദരാബാദ്: മാതാപിതാക്കാൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ബില്ലിന് തെലങ്കാന സർക്കാർ അനുമതി നൽകി. അവഗണിക്കപ്പെടുന്ന മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള തെലങ്കാന എംപ്ലോയീസ് അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിംഗ് ഓഫ് പാരന്റൽ സപ്പോർട്ട് ബില്ലാണ് തെലങ്കാന നിയമസഭ പാസാക്കിയത്. ബില്ലിന്റെ പരിധിയിൽ എംഎൽഎമാരും എംപിമാരും തദ്ദേശസ്ഥാപന പ്രതിനിധികളും ഉൾപ്പെടും.

ആശ്രിതരായ മാതാപിതാക്കൾക്ക് ചെലവിന് നൽകിയില്ലെങ്കിൽ ശമ്പളത്തിന്റെ 15 ശതമാനം അല്ലെങ്കിൽ 10,000 രൂപ, ഏതാണോ കുറവ് അത് പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. മക്കളുടെ സംരക്ഷണം ലഭിക്കാത്തവർക്ക് ജില്ലാ കളക്ടർ മുമ്പാകെ പരാതിപ്പെടാവുന്നതാണ്. ഈടാക്കുന്ന തുക രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. രക്ഷിതാക്കളെ അവഗണിക്കുന്ന കേസുകൾ കുറയ്ക്കുക, പ്രായമായ പൗരന്മാരുടെ അന്തസ് പുനഃസ്ഥാപിക്കുക എന്നിവ ലക്ഷ്യം വച്ചാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആൺമക്കളും പെൺമക്കളും മാതാപിതാക്കളോട് തുല്യ ഉത്തരവാദിത്തം പങ്കിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മതാപിതാക്കൾ പരാതിയുമായി കളക്ടറെ സമീപിച്ചാൽ 60 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. ഈ സമയത്തിനുള്ളിൽ മക്കളുടെയും രക്ഷിതാക്കളുടെയും പരാതി കേൾക്കണം. വാദം കേട്ടതിന് ശേഷം ശമ്പളത്തിൽ നിന്ന് വെട്ടിക്കുറയ്‌ക്കേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കണം. ജന്മം നൽകിയ മതാപിതാക്കൾക്കൊപ്പം രണ്ടാനമ്മയ്ക്കും രണ്ടാനച്ഛനും ബില്ലിന്റെ പരിരക്ഷ ലഭിക്കും.