അച്ഛന്റെ ബെൻസ് കാറിന്റെ ചിത്രം വരച്ചു; യുകെയിൽ നിന്ന് മഞ്ജിമയെ തേടിയെത്തിയത് വലിയ പുരസ്‌കാരം
കിളിമാനൂർ: യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു കെ പെൻസിൽ സൊസൈറ്റിയുടെ ഈ വർഷത്തെ ലൈറ അവാർഡ് മലയാളിയായ മഞ്ജിമ അനിൽകുമാറിന് ലഭിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം ചിത്രകാരിൽ നിന്നും പെൻസിൽ കളർ ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മഞ്ജിമ ' പ്രിസം ബെൻസ് ' എന്ന തലക്കെട്ടിൽ വരച്ച ചിത്രമാണ് അവാർഡിന് അർഹമായത്.
തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബെൻസ് കാറിന്റെ ചിത്രമാണ് മഞ്ജിമ അവാർഡിനായി സമർപ്പിച്ചത്. പ്രശസ്തി പത്രവും 35,000 ഇന്ത്യൻ രൂപ മൂല്യമുള്ള ക്യാഷ് അവാർഡും അടങ്ങുന്ന ഉപഹാരം യു കെ പെൻസിൽ കളർ സൊസൈറ്റി പ്രസിഡന്റ് മഞ്ജിമയ്ക്ക് സമ്മാനിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ലങ്കാഷെയറിൽ നിന്ന് 2023ൽ കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ മഞ്ജിമ അനിൽകുമാർ കെട്ടിടനിർമ്മാണത്തിലെ സാങ്കേതിക കൃത്യതയും ലാർജ്-സ്കെയിൽ ഫൈൻ ആർട്ടും തമ്മിലുള്ള അപൂർവ സംഗമമാണ് തന്റെ സൃഷ്ടികളിലൂടെ ആവിഷ്കരിക്കുന്നത്.
യു കെയിലെ മലയാളി വേദികളിൽ മഞ്ജിമ വരച്ച പോർട്രെയ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ജിമ ഒരുക്കിയ 'ഹാഫ് തെയ്യം' ഫേസ് പെയിന്റിംഗ് ഏറെ ശ്രദ്ധേയമായിരുന്നു. നിലവിൽ ലങ്കാഷെയറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്നതോടൊപ്പം തന്റെ ക്രിയേറ്റീവ് പോർട്ട്‌ഫോളിയോ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മഞ്ജിമ. കുമ്മിൾ പഞ്ചായത്തിൽ പാറമുകളിൽ വീട്ടിൽ അനിൽകുമാർ - ബൈജു ദമ്പതികളുടെ മകളാണ്.