'ബുദ്ധിമാനായതിനാൽ മോഹൻലാൽ അങ്ങനെ ചെയ്തു, നിങ്ങളും മലയാളികളെ പറ്റിക്കുന്നില്ലേ'; ചോദ്യവുമായി സംവിധായകൻ
അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദവും പരസ്യത്തിന് അടക്കം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് വലിയ വാർത്തയായിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ അടക്കം എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,അഭിഷേക് ബച്ചൻ,ഐശ്വര്യ റായ് ബച്ചൻ,അനിൽ കപൂർ,സൊണാക്ഷി സിൻഹ തുടങ്ങിയവർ നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിന് പിന്നാലെയായിരുന്നു മോഹൻലാലിന്റെ നീക്കം.
ഇപ്പോഴിതാ ഈ സംഭവത്തിൽ മോഹൻലാലിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാൽ അതിബുദ്ധിമാനായതുകൊണ്ടാണ് ഈ കേസ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. പരസ്യം ചെയ്തവന്മാർ ട്രെയിനിനും ഫ്‌ളൈറ്റിനും പണം കൊടുത്തു മുടിയട്ടെയെന്ന് മോഹൻലാൽ കരുതിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വായില്ലാക്കുന്നിലപ്പനെ പോലെയിരിക്കുന്ന മോഹൻലാൽ ഡൽഹി ഹൈക്കോടിയിൽ ചെന്ന് കയറിയിരിക്കുന്നു. കേസ് കൊടുക്കാൻ അദ്ദേഹത്തിന് ഫ്‌ളൈറ്റിൽ പോയാൽ മതിയല്ലോ? ബാക്കി വർഷങ്ങളോളം വക്കീലും സർക്കാരും നോക്കിക്കോളും. പ്രതിപ്പട്ടികയിൽ വരുന്നവന്മാർ ഡൽഹിയിൽ പോകാൻ ട്രെയിനിലും ഫ്‌ളൈറ്റിലും ടിക്കറ്റെടുത്ത് കുത്തുപാളയെടുക്കട്ടെയെന്ന് മോഹൻലാൽ ചിന്തിച്ചിട്ടുണ്ടാകും. കളി മോഹൻലാലിനോടാണോ? കൊച്ചിയിൽ ജീവിക്കുന്ന മനുഷ്യൻ ഡൽഹിയിൽ കൊണ്ടുപോയി കേസ് കൊടുത്തു. അദ്ദേഹം കേണലായതുകൊണ്ട് പ്രതിരോധവകുപ്പിന്റെ നിർദ്ദേശം കൊണ്ടായിരിക്കണം അദ്ദേഹം ഡൽഹിയിൽ കേസ് കൊടുത്തത്.
മോഹൻലാലിന്റെ ശബ്ദവും ഭാവവും അനുവാദമില്ലാതെ വാണിജ്യ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതാണ് പരാതി. തട്ടിപ്പ് സാധനങ്ങൾ വിൽക്കാൻ അനധികൃതമായി മോഹൻലാലിനെ ഉപയോഗിക്കുന്നതും എഐയും ഡീപ്പ് ഫേക്കും ഉപയോഗിച്ച് അനധികൃത ഇടപാടുകൾ വോയിസ് ക്ലോണിംഗിലൂടെ ശബ്ദം ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞ് വ്യാജ ഉറപ്പുകൾ നൽകൽ, ബോഡി ഷെയ്മിംഗ് നടത്തി അപകീർത്തിപ്പെടുത്തും വിധമുള്ള ചിത്രങ്ങൾ വീഡിയോകൾ ഉണ്ടാക്കൽ തുടങ്ങി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ഗൂഗിൾ, അമസോൺ, മെറ്റ കമ്പനികളാണ് പ്രധാന കക്ഷികൾ. കേസ് തന്ന മഹാൻ കൊച്ചിയിലാണെന്നും ഡൽഹിയിൽ എന്താണ് കാര്യമെന്ന് മെറ്റയുടെ വക്കീൽ കോടതിയിൽ ചോദിച്ചു. എന്നാൽ കോടതി മോഹൻലാലിനൊപ്പം നിന്നു. പരസ്യം ചെയ്തവന്മാർ വക്കീലിനും ട്രെയിനിനും ഫ്‌ളൈറ്റിനും കൊടുത്തു മുടിയട്ടെ എന്ന് ബുദ്ധിമാനായതിനാൽ മോഹൻലാൽ കരുതി കാണാം. അല്ല, മോഹൻലാൽ സാറെ.. നിങ്ങൾ ഇതുപോലെ ഒരു പറ്റിപ്പ് പതിവായി മലയാളിയെ പറ്റിക്കുന്നില്ലേ. ആരെങ്കിലും കേസിന് പോയാൽ താങ്കളുടെയും ആപ്പീസ് പൂട്ടും എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ കേസിന് പോകുന്നുണ്ടെങ്കിൽ നേരിട്ട് ഫ്‌ളൈറ്റ് ഇല്ലാത്ത കൊൽക്കത്തയിലും ഹിമാചൽ പ്രദേശിലും കൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്'- ശാന്തിവിള ദിനേശ് പറഞ്ഞു.