വീട്ടിൽ തക്കാളിയുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല റെസ്റ്റോറന്റ് സ്റ്റൈൽ സൂപ്പ് ഉണ്ടാകാം

Monday 30 March 2026 5:55 PM IST

സൂപ്പ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. വളരെ ആരോഗ്യകരമായ ഭക്ഷണമായതിനാൽ കുട്ടികൾക്ക് ഇത് നൽകാറുണ്ട്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും സൂപ്പുകളിൽ അടങ്ങിയിട്ടുണ്ട്. തക്കാളി, ബീൻസ്, ഒലിവ് ഓയിൽ തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പല സൂപ്പുകളും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കടയിൽ നിന്നാണ് കൂടുതൽ പേരും സൂപ്പ് വാങ്ങുന്നത്. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇവ തയ്യാറാക്കാം. വീട്ടിൽ മിനിറ്റുകൾക്കുള്ളിൽ എങ്ങനെ തക്കാളി സൂപ്പ് തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. തക്കാളി - ഏഴ്
  2. പച്ചമുളക് അരിഞ്ഞത് - ഒന്ന്
  3. നെയ്യ് - ഒരു ടേബിൾ സ്പൂൺ
  4. പൊടി പഞ്ചസാര - അര ടീസ്പൂൺ
  5. ജീരകം - ഒരു ടീസ്പൂൺ
  6. ബ്ലാക്ക് സാൾട്ട് - കാൽ ടീസ്പൂൺ
  7. കുരുമുളക് - അര ടീസ്പൂൺ
  8. കായം - ഒരു നുള്ള്
  9. ഇഞ്ചി - അര ടീസ്പൂൺ
  10. വെളുത്തുള്ളി - മൂന്ന് അല്ലി
  11. ഉപ്പ് - പാകത്തിന്
  12. മല്ലിയില - ഒരു പിടി

തയ്യാറാക്കുന്ന വിധം

ആദ്യം തക്കാളി കഷ്ണങ്ങളാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അൽപം വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കായം എന്നിവ ചേർക്കാം. ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ചെറുതായി കുറുകുമ്പോൾ ബ്ലാക്ക് സാൾട്ടും കുരുമുളകും ചേർക്കാം. ഇനി പൊടി പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി തിളച്ചാൽ മല്ലിയില വിതറി ചെറുചൂടോടെ കഴിക്കാം.