കാടുകയറി ബുധനൂരിലെ പൊതുശ്മശാനം, പരേതർക്ക് ഭൂമിയിൽ ഇടമില്ല
ബുധനൂർ: കൃത്യമായ പരിപാലനവും മേൽനോട്ടവുമില്ലാതെ അധികൃതരുടെ അവഗണനയിൽ കാടുകയറി നശിക്കുകയാണ് ബുധനൂർ ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പൊതുശ്മശാനം. 1993ലാണ് കളത്തൂർ കടവിന് സമീപം നെല്ലുകുഴി പാടത്തോടു ചേർന്ന് സ്വകാര്യ വ്യക്തിയിൽ നിന്നും 45 സെന്റ് സ്ഥലം ശ്മശാനത്തിനായി വാങ്ങിയത്. കഴിഞ്ഞ 33 വർഷത്തിനിടെ കേവലം മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കരിക്കാനായത്. സ്ഥലപരിമിതി മൂലം സംസ്കാരത്തിന് നിവൃത്തിയില്ലാത്ത സാധാരണക്കാർക്കും അതിഥി തൊഴിലാളികൾക്കും ആശ്രയിക്കാവുന്ന ഇവിടം നാശത്തിന്റെ വക്കിലാണ്. പാഴ്മരങ്ങളും വള്ളിച്ചെടികളും നിറഞ്ഞ് ഇഴജന്തുക്കളുടെയും തെരുവ്നായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. രണ്ട് മാസം മുമ്പ് പ്രദേശവാസിയായ ഒരാൾ മരിച്ചപ്പോൾ ഇവിടെ സംസ്കരിക്കാൻ ശ്രമം നടത്തിയെങ്കിലും കൊടുംകാട് വെട്ടിത്തെളിച്ച് ശ്മശാനത്തിലേക്ക് എത്തുകയെന്നത് ഭഗീരഥ പ്രയത്നമായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒടുവിൽ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സഹായത്താലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
കാടും മേടും താണ്ടണം
റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചതും നിലവിലുള്ള വഴി കാടുമൂടിയതും മൃതദേഹങ്ങൾ എത്തിക്കുന്നത് അസാദ്ധ്യമാക്കി.
ശ്മശാനം കാടുപിടിച്ച് കിടക്കുന്നത് പ്രദേശവാസികളുടെയും ദുരിതം വർദ്ധിപ്പിച്ചു.
ശ്മശാനത്തിലേക്കുള്ള വഴി വെട്ടിത്തെളിച്ച് വൈദ്യുതിയും റോഡും ഒരുക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം.
വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പെങ്കിലും ശ്മശാനം ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ഉയരുന്നു.
പൊതുശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ഈ വേനൽക്കാലത്ത് തന്നെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടുവെട്ടിത്തെളിച്ച് വഴി സഞ്ചാരയോഗ്യമാക്കുന്നതിനും വൈദ്യുതി എത്തിക്കാനുളള നടപടികളും കൈക്കൊള്ളും."
ശ്രീജ ശ്രീകുമാർ,
ബുധനൂർ ഗ്രാമപഞ്ചായത്ത്
വൈ.പ്രസിഡന്റ്