തിരഞ്ഞെടുപ്പിന് പതിനൊന്നുനാൾ മുമ്പെ വോട്ട് ചെയ്ത് സൗമിനിയമ്മ

Monday 30 March 2026 9:38 PM IST

കണ്ണൂർ:എൺപത്തിയഞ്ച് പിന്നിട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്കുമായി ഏ‌ർപ്പെടുത്തിയ ഹോം വോട്ടിംഗിന് തുടക്കമായി. കണ്ണൂർ നിയോജക മണ്ഡലത്തിലെ തെക്കീബസാർ പാലക്കാട് സ്വാമി മഠത്തിനടുത്ത ബൂത്ത് നമ്പർ 105 ലെ 87കാരിയായ സൗമിനി നിവാസിൽ സൗമിനിയമ്മയാണ് ഇന്നലെ രാവിലെ വോട്ട് രേഖപ്പെടുത്തിയത്.

ഇത് രണ്ടാം തവണയാണ് സൗമിനിയമ്മയ്ക്ക് വീട്ടിൽ നിന്നും വോട്ടുചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിലും ഉദ്യോഗസ്ഥർ ബാലറ്റുമായി വീട്ടിൽ വന്നിരുന്നതായി ബന്ധുവായ ലാവണ്യ പറഞ്ഞു. ലാവണ്യയുടെ സഹായത്തോടെയാണ് സൗമിനിയമ്മ ഓപ്പൺ വോട്ട് രേഖപ്പെടുത്തിയത്. ഹോം വോട്ട് സംവിധാനമില്ലാതിരുന്നതിനാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. ബൂത്ത് നമ്പർ 105 ലെ 85 വയസിന് മുകളിലുള്ള ഏക വോട്ടർ കൂടിയാണ് സൗമിനി അമ്മ.

19,276 ഹോം വോട്ടിംഗ് അപേക്ഷകൾ

കണ്ണൂർ ജില്ലയിൽ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇതിൽ 14,138 പേർ 85 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽപ്പെട്ടവരും 5138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്.

2204 പേരുള്ള ഇരിക്കൂറിലാണ് കൂടുതൽ ഹോംവോട്ടർമാർ. ഏറ്റവും കുറവ് 1308 പേരുള്ള അഴീക്കോടും.

വോട്ടുചെയ്യിക്കാൻ 203 ഉദ്യോഗസ്ഥർ

ഹോം വോട്ടിനായി 203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്. റിസർവ് ആയി ഒരു നിയമസഭ മണ്ഡലത്തിൽ ഒന്ന് എന്ന തോതിൽ 11 സംഘങ്ങളുമുണ്ട്. ഒരു സംഘത്തിൽ രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ചുപേരാണുള്ളത്. സംഘത്തെ ബിഎൽഒ അനുഗമിച്ചു.