അതിരറ്റു ആവേശം പ്രചാരണം കലുഷിതം

Monday 30 March 2026 10:15 PM IST

തളിപ്പറമ്പിലും ധർമടത്തും ആക്രമണം

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധ്യന്യത്തിലെത്തിയതോടെ ജില്ലയിൽ ഒറ്റപ്പെട്ട സംഘർഷ സംഭവങ്ങളും തലപൊക്കിത്തുടങ്ങി. തളിപ്പറമ്പിലും ധർമടത്തും കഴിഞ്ഞ ദിവസം രാത്രി ഇത്തരം ആക്രമണ സംഭവങ്ങളുണ്ടായി. ജില്ലയിലെ പ്രചാരണ അന്തരീക്ഷം ഇതോടെ സംഘർഷ ഭരിതമാക്കുകയാണ്. തളിപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ എൽഇഡി വാഹനം മലപ്പട്ടം സെൻട്രലിൽ വച്ച് തടഞ്ഞ് സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. ധർമ്മടത്ത് അഞ്ചരക്കണ്ടി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.പി.അബ്ദുൽ റഷീദിന്റെ പ്രചാരണ വാഹനം മുഴപ്പാല കൈതപ്രത്ത് വച്ച് ബൈക്ക് കുറുകെ വച്ച് തടഞ്ഞു. സി പി.എം പ്രവർത്തകൻ ലിജുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. കാര്യം അന്വേഷിക്കാൻ വാഹനത്തിൽ നിന്നിറങ്ങിയ അബ്ദുൽ റഷീദിനെ പിടിച്ചുതള്ളിയതായും യു.ഡി.എഫ് പറയുന്നു. കൊലവിളിയും ഭീഷണിയും ഉയ‌ർത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ ഇടപെട്ടു.ഇതോടെയാണ് യുവാവ് പിൻവാങ്ങിയത്. കൊലവിളി നടത്തിയ ആളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ചക്കരക്കൽ പൊലിസ് സ്റ്റേഷൻ മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സംഭവത്തെ അപലപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് സ്ഥാനാർത്ഥി അബ്ദുൽ റഷീദ് ആരോപിച്ചു.