ഏജ് ഈസ് ജസ്റ്റ് എ നമ്പർ.... മണ്ഡലത്തിൽ ഓടിനടന്ന് കടന്നപ്പള്ളി

Monday 30 March 2026 10:29 PM IST

കണ്ണൂർ: കണ്ണൂക്കരയിൽ സ്ഥാനാർത്ഥിയ്ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് വൈറ്റ് ഇന്നോവയിയിൽ തൂവെള്ള വേഷത്തിൽ പോക്കറ്റിൽ ഒരു റോസാപ്പൂവുമായി വന്നിറങ്ങുമ്പോൾ സമയം മൂന്നുമണി . അകമ്പടിയായി അനൗൺസ് മെന്റ് . അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം,കണ്ണൂരിന്റെ വികസന നായകൻ,ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ...

കാറിൽ നിന്നും ഇറങ്ങിയ കടന്നപ്പള്ളി നേരെ പോയത് അവശതയിലും തന്നെ കാണാൻ കാത്തിരുന്ന പ്രായമായവരുടെ അടുത്തേക്ക്. എഴുപത്തിരണ്ടുകാരി സൗദാമിനിയും 75 കാരൻ മധുസൂദനനുമെല്ലാം ആവേശത്തോടെ കടന്നപ്പള്ളിയെ വരവേറ്റു. എല്ലാവരേയും ചേർത്ത് പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നതാണ് കടന്നപ്പള്ളി സ്റ്റൈൽ. സുഖ വിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ കടന്നപ്പള്ളി ആരോഗ്യം ശ്രദ്ധിക്കണമെന്ന് മുതിർന്നവർക്ക് ഉപദേശം നൽകി. പൂക്കൾ നൽകിയും ഷാളുകളണിയിച്ചുമാണ് സ്ഥാനാർത്ഥിയ്ക്കുള്ള വരവേൽപ്പ്. ചുരുങ്ങിയ വാക്കുകളിൽ മണ്ഡലത്തിന്റെ വികസനം പറഞ്ഞാണ് വോട്ടഭ്യർത്ഥന. എല്ലവരുടേയും പിന്തുണ ഉറപ്പാക്കിയ ശേഷം അടുത്ത കേന്ദ്രമായ അണ്ടത്തോടേക്ക്.

വഴിയോരങ്ങളിലും പര്യടന കേന്ദ്രങ്ങളിലുമെല്ലാം കടന്നപ്പള്ളി ഫാൻസ് ആവേശത്തോടെയാണ് കാത്തിരുന്നത്. കൊച്ചുകുട്ടികൾ മുതൽ യുവാക്കളും പ്രായമായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. മൂന്നേ മുക്കാലോടെ അണ്ടത്തോടിലെത്തിയപ്പോൾ വാദ്യമേളങ്ങളും മുത്തുക്കുടകളും പടക്കം പൊട്ടിക്കലുമൊക്കെയായുള്ള സ്വീകരണം. പൂക്കൾ നൽകിയാണ് ഇവിടെയും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.വികസന തുടർച്ചക്ക് ഒരു വോട്ടെന്നാണ് കടന്നപ്പള്ളിയുടെ അഭ്യർത്ഥന.ഇവിടെ നിന്ന്

വൈകീട്ട് നാലോടെ നേരെ പോയത് തയ്യിലിലെ സ്വീകരണ കേന്ദ്രത്തിലേക്കായിരുന്നു.കൈയിൽ കിട്ടിയ പരാതികൾ അവിടെവച്ച് തന്നെ പരിശോധിച്ച് ഉറപ്പുകൾ നൽകുന്നുണ്ട് സ്ഥാനാർത്ഥി. നാട്ടുകാരുടെ ആശ്വാസമാണ് എന്റെ സന്തോഷമെന്നാണ് കടന്നപ്പള്ളിയുടെ അഭിപ്രായം.

തായത്തെരു ,ബർണ്ണശ്ശേരി , എസ്.എൻ.പാർക്ക് , താളിക്കാവ് , കക്കാട് വായനശാല, കണ്ണോത്തുംചാൽ ആറുകണ്ടിമുക്ക് ,കാപ്പിച്ചേരി ദേശോദ്ധാരണ വായനശാല , എടച്ചൊവ്വ പുലരിസ്റ്റോർ , അതിരകം ഭഗത്സിംഗ് കോർണർ , ഐ.എം.ടി.സ്‌കൂൾ എളയാവൂർ (നോർത്ത്) ജനശക്തി ക്ലബ് എന്നിവിടങ്ങളിലായി രാത്രി എട്ടോടെയാണ് പര്യടനം അവസാനിച്ചത്.

എന്റെ ഊർജ്ജം ജനങ്ങളാണ്....

എൺപത്തിയഞ്ചുകാരനായ കടന്നപ്പള്ളിയോടൊപ്പം തങ്ങൾക്ക് ഒാടിയെത്താൻ കഴിയുന്നില്ലെന്നാണ് ഒപ്പമുള്ളവരുടെ കമന്റ്. എന്റെ ഊർജം ജനങ്ങളാണ്...... അവരുടെ ഇടയിൽ നിൽക്കുമ്പോൾ ഓടാനും ചാടാനുമുള്ള യുവത്വമുണ്ടെന്ന് കടന്നപ്പള്ളി പറഞ്ഞു. കിടക്കാൻ എത്ര വൈകിയാലും രാവിലെ ആറോടെ എഴുന്നേൽക്കും. ഉണർന്നയുടൻ ഒരു ലിറ്ററോളം വെള്ളം കുടിക്കും. പത്രവായനയും കഴിഞ്ഞ് ഔദ്യോഗിക ജോലി തുടങ്ങും. രാവിലെ ഇഡ്‌ലിയോ ദോശയോ കഴിക്കും.കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ ഷുഗർലെവൽ താഴ്ന്ന് അല്പം ക്ഷീണമനുഭവപ്പെട്ടു.അഞ്ച് മിനുട്ട് കൊണ്ട് ശരിയായി.കോൺഗ്രസ് എസിന്റെ ഏക സ്ഥാനാർത്ഥി പറയുന്നു.