ചർച്ചയ്ക്ക് തയ്യാറാണോ... എങ്കിൽ വോട്ട് തരാം...

Tuesday 31 March 2026 1:21 AM IST

 വ്യത്യസ്‌ത പോസ്റ്ററുമായി പ്രമോദ്

കാട്ടാക്കട: നക്രാംചിറയിലെ ഫോട്ടോഗ്രാഫറും അദ്ധ്യാപകനുമായ പ്രമോദ്.എസിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഗേറ്റിനോട് ചേർന്ന ചുവരിലെ

പോസ്റ്റ‌ർ കണ്ട് ആദ്യമൊന്ന് അമ്പരക്കും. ജനാധിപത്യത്തിന്റെ പരീക്ഷണശാല ; വാഗ്ദാനങ്ങൾ മുതൽ യാഥാർത്ഥ്യം വരെ എന്ന തലക്കെട്ടിലുള്ള കാർട്ടൂൺ ചിത്രകഥാ പോസ്റ്ററാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് മുമ്പ് പറയുന്നതും പിന്നീട് പ്രവർത്തിക്കുന്നതും തമ്മിലുള്ള അന്തരം എന്നതാണ് പോസ്റ്ററിലെ വിമർശനം. വോട്ടർ അല്ല, വോട്ടാണ് രാജാവ് എന്ന് പറയുന്ന ജനാധിപത്യ സിസ്റ്റത്തിന്റെ മോശപ്പെട്ട അവസ്ഥ പൊതു സമൂഹത്തിൽ കാണിക്കാനാണ് ഇങ്ങനെയൊരു പോസ്റ്റർ വരച്ചതെന്ന് പ്രമോദ് പറയുന്നു.

വോട്ടഭ്യർത്ഥനയുമായി വരുന്നവരോട് നേരിട്ട് ചോദിക്കുമ്പോൾ അവർക്ക് അസ്വാരസ്യമുണ്ടാകും, അതൊഴിവാക്കുക എന്നതും ഇങ്ങനെ ഒരു ചിന്തയ്ക്ക് കാരണമായി. പോസ്റ്റ‌ർ വായിച്ച ശേഷം താൻ സംസാരിക്കുന്നത് കേൾക്കാൻ വരുന്നവർക്ക് മാത്രം പ്രവേശനമെന്ന നിലയിലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.