ജിമ്മിലെ വനിതാ ട്രെയിനറെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു

Tuesday 31 March 2026 12:21 AM IST

പാറശാല: ഫിറ്റ്‌നസ് സെന്ററിലെ ജീവനക്കാരിയും ട്രെയിനറുമായ യുവതിയെ, ജിമ്മിനുള്ളിൽ അതിക്രമിച്ചുകയറി യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചെങ്കൽ മര്യാപുരം കൊച്ചോട്ടുകോണം സ്വദേശി കാവ്യക്കാണ് (24) കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട ജംഗ്ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ഇന്നലെ രാവിലെ 9.30നായിരുന്നു ആക്രമണം.

പാറശാല പവതിയാൻവിള സ്വദേശിയായ പ്രതി അശ്വന്ത്കുമാറാണ് (29) യുവതിയെ കുത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഇയാളെ,നാട്ടുകാർ പിടികൂടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. എന്നാൽ പ്രതിയായ യുവാവ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നത് നിരസിച്ചതാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.