ഡെങ്കി വാക്‌സിൻ ഇന്ത്യയിലേക്ക്

Tuesday 31 March 2026 12:00 AM IST

ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധിക്കുന്ന 'ക്യൂ ഡിങ്ക" വാക്‌സിൻ (ടി.കെ -003) ജപ്പാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യും. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) വിദഗ്ദ്ധ സമിതിയാണ് ഇതിന് അംഗീകാരം നൽകിയത്. അതേസമയം, ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ അംഗീകരിച്ചാൽ 4 മുതൽ 60 വയസ് വരെയുള്ളവർക്ക് വാക്‌സിൻ നൽകും. ജാപ്പനീസ് ബയോഫാർമ കമ്പനിയായ 'ടകെഡ' ആണ് വാക്സിൻ വികസിപ്പിച്ചത്.

ഇന്ത്യയിൽ, 4 -60 പ്രായക്കാരായ 480 പേരിൽ നടത്തിയ ക്ളിനിക്കൽ ട്രയലിൽ വാക്‌സിൻ സുരക്ഷിതമെന്ന് കണ്ടെത്തിയിരുന്നു. ഡെങ്കിപ്പനിക്കെതിരെ ലോകത്ത് നിലവിലുള്ള ഏക വാക്‌സിനാണിത്. 64 ശതമാനമാണ് രോഗ പ്രതിരോധശേഷി. യൂറോപ്യൻ യൂണിയൻ,യു.കെ ഉൾപ്പെടെ 41 രാജ്യങ്ങളിൽ വാക്‌സിൻ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് മാസം ഇടവിട്ട് രണ്ട് ഡോസുകളായാണ് വാക്‌സിൻ നൽകുക. 6-16 പ്രായക്കാരിൽ മുൻകൂർ പരിശോധനയില്ലാതെ വാക്‌സിൻ നൽകാം.